മരണത്തിന് മണിക്കൂറുകൾ മുൻപും പ്രതാപ് പോത്തൻ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഫേസ്ബക്കിൽ കുറിച്ചത്.
‘എനിക്ക് തോന്നുന്നു കലാ രംഗത്ത്, പ്രത്യേകിച്ച് സിനിമയിൽ എല്ലാവരും നിലനിൽപിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്’ – ജിം മോറിസൺ.
‘ഗുണനം എന്നത് ഒരു കളിയുടെ പേരാണ്. എല്ലാ തലമുറകളും ആ കളി കളിക്കുന്നു’.
‘ജീവിതം എന്നത് ബില്ലുകൾ അടയ്ക്കാനാണ്’.
‘ഒരു പ്രശ്‌നത്തിന്റെ മൂലകാരണം ചികിത്സിക്കാതെ ലക്ഷണങ്ങൾക്ക് ചികിത്സ നൽകിയാൽ പിന്നെ നിങ്ങൾക്ക് ഫാർമസിയെ ആശ്രയിക്കേണ്ടി വരും’.
‘ദീർഘകാലം ചെറിയ അളവിൽ ഉമിനീർ വിഴുങ്ങുന്നതാണ് മരണത്തിന് കാരണം’- ജോർജ് കാർലിൻ
‘ചിലയാളുകൾ കുറച്ച് കൂടുതൽ കരുതൽ കാണിക്കും. അതാണ് പ്രണയം എന്ന് തോന്നുന്നു’- എഎ.മിൽനെ- വിന്നി ദ പൂ.
ഈ പോസ്റ്റുകളുടെ താഴെ നിരവധി ആരാധകരാണ് ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിർമാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്ന വ്യക്തിയായിരുന്നു പ്രതാപ് പോത്തൻ. ഇന്ന് രാവിലെയാണ് ചെന്നൈയിലെ ഫ്‌ളാറ്റിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.