റിയാദ്: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രണ്ടുദിവസത്തെ സന്ദർശനത്തിന് സൗദി അറേബ്യയിലെത്തി. വെള്ളിയാഴ്ച വൈകീട്ട് ആറിന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് എയർപ്പോർട്ടിൽ ഇറങ്ങിയ ജോ ബൈഡനെ രാജാവിന്റെ ഉപദേശകനും മക്ക ഗവർണറുമായ ഖാലിദ് ബിൻ ഫൈസൽ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ എന്നിവ ചേർന്ന് സ്വീകരിച്ചു.
സൗദിയിലെ യു.എസ് എംബസി ചാർജ് ഡി അഫയേഴ്സ് മാർട്ടിന് സ്ട്രോങ്, ജിദ്ദയിലെ യു.എസ് കോൺസുൽ ജനറൽ ഫാരിസ് അസാദ് എന്നിവരും സ്വീകരിക്കാനെത്തി. പ്രസിഡന്റ് എന്ന നിലയിൽ ജോ ബൈഡന്റെ ആദ്യ സൗദി സന്ദർശനമാണിത്. ഈ മാസം 13ന് ഇസ്രായേലിൽ എത്തിയ അദ്ദേഹം വെസ്റ്റ് ബാങ്ക് കൂടി സന്ദർശിച്ച ശേഷമാണ് വെള്ളിയാഴ്ച വൈകീട്ടോടെ സൗദിയിലേക്ക് പറന്നത്. ജിദ്ദയിൽ എത്തിയ ബൈഡൻ വെള്ളിയാഴ്ച രാത്രിയിൽ തന്നെ അൽസലാം കൊട്ടാരത്തിൽ എത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ സ്വീകരിച്ചു.
ശേഷം സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തി. ചില സുപ്രധാന അജണ്ടകളുമായാണ് പ്രസിഡന്റിന്റെ സൗദി സന്ദർശനം. ശനിയാഴ്ച ജിദ്ദയിൽ നടക്കുന്ന സൗദി-അമേരിക്കൻ, അറബ്-അമേരിക്കൻ, 43-ാമത് ജി.സി.സി ഉച്ചകോടികളിൽ ബൈഡൻ പങ്കെടുക്കും. ജി.സി.സി അംഗരാഷ്ട്രങ്ങൾക്ക് പുറമെ ജോർദാൻ, ഈജ്പിത്, ഇറാഖ് എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാരും പങ്കെടുക്കുന്നുണ്ട്.