കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയര്‍ കൊച്ചിയില്‍ നിന്നു സര്‍വീസ് തുടങ്ങുന്നു. കൊച്ചി -ബംഗളൂരു മേഖലയില്‍ പ്രതിവാരം 28 സര്‍വീസുകളാണ് ആകാശ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും അധികം സര്‍വിസുകള്‍ കൊച്ചിയില്‍ നിന്നുമാണ് ആകാശ നടത്തുന്നത് .
ഓഗസ്റ്റ് 13 മുതല്‍ ആകാശയുടെ ബംഗളൂരു-കൊച്ചി- ബംഗളൂരു സര്‍വീസ് ആരംഭിക്കും. ബുക്കിങ് തുടങ്ങി. എല്ലാദിവസവും രണ്ട് സര്‍വിസുകളുണ്ടാവും. രാവിലെ 8 .30 നു ബംഗളൂരുവില്‍ നിന്നെത്തുന്ന ആദ്യ വിമാനം 9.05ന് മടങ്ങും. 12.30 നെത്തുന്ന രണ്ടാം വിമാനം 1.10 ന് മടങ്ങി പോവും. ഇതോടെ കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ ബംഗളൂരുവിലേക്ക് മൊത്തം 99 പുറപ്പെടല്‍ സര്‍വീസുകള്‍ ഉണ്ടാവും. ഇന്‍ഡിഗോ, എയര്‍ ഏഷ്യ, ഗോ ഫസ്റ്റ്, അലയന്‍സ് എയര്‍ എന്നിവയാണ് കൊച്ചി -ബംഗളൂരു സര്‍വീസ് നടത്തുന്ന മറ്റു എയര്‍ലൈനുകള്‍.
കൊച്ചിയെ കൂടാതെ ബംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നു മാത്രമാണ് ആകാശ സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തെ 56 പ്രതിവാര സര്‍വീസുകളില്‍ 28 എണ്ണം കൊച്ചിയില്‍ നിന്നുമാണ്. രാജ്യത്തെ ഏറ്റവും പുതിയ എയര്‍ലൈന്‍ തങ്ങളുടെ ആദ്യഘട്ട സര്‍വിസിനു കൊച്ചി തെരഞ്ഞെടുത്തതില്‍ സിയാലിന് സന്തോഷമുണ്ടെന്നു എംഡി സുഹാസ് പറഞ്ഞു. “നിരവധി എയര്‍ലൈനുകള്‍ നേരത്തെ തന്നെ രാജ്യാന്തര സര്‍വിസുകള്‍ തുടങ്ങാന്‍ കൊച്ചി തെരഞ്ഞെടുത്തിരുന്നു. കൂടുതല്‍ എയര്‍ലൈനുകളെ കൊച്ചിയില്‍ എത്തിക്കാന്‍ ചെയര്‍മാനും ഡയറക്റ്റര്‍ ബോര്‍ഡും നടത്തുന്ന ശ്രമങ്ങളാണ് ഫലം കണ്ടിട്ടുള്ളത് . ശീതകാല സമയപട്ടികയില്‍ ഇന്ത്യയിലെ എല്ലാ പ്രമുഖനഗരങ്ങളിലേക്കും കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ കഴിയും എന്ന് സിയാല്‍ പ്രതീക്ഷിക്കുന്നു , അതിനുവേണ്ടിയുള്ള പദ്ധതികള്‍ അസ്രൂതണം ചെയ്തിട്ടുണ്ട് ”-അദ്ദേഹം പറഞ്ഞു.