ക്രിസ്ത്യന്റെ എല്ലാമെല്ലാമായ അമ്മ

0

മനസ്സില്‍ നന്മയുടെ ഉറവ വറ്റാത്ത ഏതൊരു മനുഷ്യന്റെയും കണ്ണുനിറയിക്കുന്ന കഥയാണ്‌ അമേരിക്കന്‍ സ്വദേശി  ലേസിയുടെയും 6 വയസുകാരൻ ക്രിസ്ത്യന്‍ ബുച്ചാനന്‍ എന്ന ക്രിസ്ത്യന്റെയും ജീവിതം. പത്തു മാസം വയറ്റിലും പിന്നെ ജീവിതകാലം മുഴുവന്‍ നെഞ്ചോട് ചേര്‍ത്തും വളര്‍ത്തുന്ന കുഞ്ഞിന്റെ കൈയ്യില്‍ ഒരു മുള്ള് കൊണ്ടാല്‍ പോലും ഒരു അമ്മക്ക് സഹിക്കില്ല. അപ്പോള്‍ സ്വന്തം കുഞ്ഞു ജീവിത കാലം മുഴുവന്‍ വേദന തിന്നു ജീവിക്കുന്ന കാണേണ്ടിവരുന്ന ഒരു അമ്മയുടെ അവസ്ഥയോ ?

പക്ഷെ അമ്മ തളര്‍ന്നാല്‍ പിന്നെ കുഞ്ഞിനു ആരുണ്ട് .ഈ തിരിച്ചറിവാണ്  ലേസി എന്ന മാതൃത്തതിന്റെ ശക്തി .ക്രിസ്ത്യന്‍ ഒരു സാധാരണ കുട്ടിയല്ല എന്ന് ആദ്യമേ പറയട്ടെ .ഈ അസാധാരണത്വം തന്നെയാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചതും .ഇരുപത്തിയൊന്നാം വയസിലാണ് ലേസിയുടെ ജീവിതത്തിലേക്ക് ക്രിസ്ത്യന്‍ കടന്നു വരുന്നത്. വിവാഹ ശേഷം ഏറെ കൊതിച്ചു കിട്ടിയ ആദ്യത്തെ കണ്മണി .നാലാം  മാസത്തില്‍ നടത്തിയ സ്കാനിംഗിലാണ് ഗര്‍ഭസ്ഥശിശുവിന് കാര്യമായ എന്തോ ശാരീരിക വൈകല്യം ഉള്ളതായി തെളിഞ്ഞത്. ശാരീരിക വൈകല്യം എത്തരത്തിലാണ് എന്ന് അപ്പോഴും കണ്ടെത്തിയിരുന്നില്ല. വേണമെങ്കില്‍ ആ അവസ്ഥയില്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാമായിരുന്നു ആ ദമ്പതിമാര്‍ക്ക്. പക്ഷെ അവരത് ചെയ്തില്ല. ഡോക്റ്റര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം വിശ്രമവും ചികിത്സയുമായി മുന്നോട്ടു പോയി.

വീണ്ടും എട്ടാം മാസം നടത്തിയ സ്കാനിംഗിലാണ് കുഞ്ഞിന്റെ പ്രശ്‌നം ക്ലെഫ്ട് ലിപ്സ് ആന്‍ഡ് പാലറ്റ് ആണ് എന്ന് തെളിഞ്ഞതു .കുഞ്ഞിനു മുച്ചുണ്ട് ഉണ്ടെന്നു അറിഞ്ഞപ്പോഴും ലെസിയും ഭര്‍ത്താവും വിഷമിച്ചില്ല .ചികില്‍സിച്ചു മാറ്റാം എന്ന ധാരണയില്‍  ആ ദമ്പതിമാര്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ മുച്ചുണ്ട് എന്ന് പറയുമ്പോള്‍ അതിന്റെ തീവ്രത എത്രയായിരിക്കുമെന്ന് അവര്‍ ചിന്തിച്ചതേയില്ല . കാത്തിരിപ്പിനൊടുവില്‍ ടെന്നസിയിലെ ഒരാശുപത്രിയിൽ ക്രിസ്ത്യന്‍ ബുച്ചാനന്‍ എന്ന ആ കുഞ്ഞു ജനിച്ചു വീണു. ആരോഗ്യപരമായി കുഴപ്പങ്ങളൊന്നുമില്ല. ആവശ്യത്തിന് തൂക്കവും ഉണ്ട്. പക്ഷെ നൊന്തു പ്രസവിച്ച കുഞ്ഞിന്റെ ഓമനമുഖം കാണാന്‍ കൊതിച്ച ലേസിയെ കാത്തു ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച ഉണ്ടായിരുന്നു .

മുച്ചുണ്ടിന്റെ ഏറ്റവും തീവ്രമായ മുഖം. സദാ തുറന്നിരിക്കുന്ന വായ, കണ്ണുകളുടെ സ്ഥാനത്ത് രണ്ടു ചുവന്ന മാംസ കഷ്ണങ്ങൾ മാത്രം, സ്ഥാനം തെറ്റിക്കിടക്കുന്ന മൂക്ക്, മാത്രമല്ല തലയോട്ടിപോലും ആകൃതിയില്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഇത്രയും ക്രൂരമായ ഒരു കാഴ്ച ഒരു അമ്മ എങ്ങനെ സഹിക്കും .എന്നാൽ കുഞ്ഞിനെ കണ്ടമാത്രയില്‍ അണപൊട്ടിയൊഴുകിയ സങ്കടവും നിരാശയുമെല്ലാം മെല്ലെ വഴിമാറി. തന്റെ മകനെ ജീവനോടെ കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു പിന്നെ…പിന്നീടുള്ള ആ അമ്മയുടെ ജീവിതം ക്രിസ്ത്യനു വേണ്ടി മാത്രമായിരുന്നു .ആ അമ്മയുടെ ആത്മവിശ്വാസത്തിനു കൂട്ടായി ക്രിസ്ത്യന്റെ അച്ഛനും ഡോക്റ്റര്‍മാരും കൂടെ നിന്നു.

ക്രിസ്ത്യനു കണ്ണുകള്ള്‍ക്ക്‌ കാഴ്ച ഇല്ല .കൃഷ്ണമണിയോ കൺപ്രതലങ്ങളോ ഇല്ലാത്ത 2 ചുവന്ന മാംസ കഷണങ്ങള്‍ മാത്രമായിരുന്നു കൃസ്ത്യന്റെ കണ്ണുകള്‍. ഇനി ഭാവി ജീവിതത്തില്‍ എന്നും ആ കണ്ണുകള്‍ നിറങ്ങളുടെ ലോകം കാണില്ല എന്നത് അതോടെ ഉറപ്പായി. എന്നാല്‍ ക്രിസ്ത്യന്റെ കണ്ണുകള്‍ക്ക് ലേസി കാഴ്ചയായി.ഓപ്പറേഷനിലൂടെ കുഞ്ഞിന്റെ മുഖത്തിന്റെ വൈകൃതം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഡോക്റ്റര്‍മാര്‍ ആരംഭിച്ചു. അങ്ങനെ എത്ര എത്ര വേദനകളും പരീക്ഷണങ്ങളിലൂടെയും  ആ അമ്മയും മകനും ഇത് വരെ കടന്നു വന്നു എന്ന് തന്നെ നിശ്ചയമില്ല .

ഒരു സാധാരണകുട്ടിയെപോലെ ക്രിസ്ത്യനെ വളര്‍ത്തിയെടുക്കുക നന്നേ ശ്രമകരം തന്നെയായിരുന്നു .തിരിച്ചറിവ് വയ്ക്കുന്ന പ്രായമായതോടെ മറ്റുള്ളവരില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുക എന്നത് വലിയ ചുമതലയായി.ക്രിസ്ത്യന്റെ മുഖം കാണുമ്പോള്‍ ആളുകൾ കണ്ണടയ്ക്കും , ചിലർ വിധിയെ പഴിക്കും, ചിലര്‍ സഹതാപം ചൊരിയും എന്നാല്‍ ഇതൊന്നുമല്ല അവനു വേണ്ടത് മറിച്ച് ജീവിക്കാനാവശ്യമായ ശക്തി നല്‍കുന്ന , പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകളാണ്. അതിനു വേണ്ടിയാണ് അമ്മ ലേസി ശ്രമിച്ചതും. തുടരെത്തുടരെയുള്ള ശസ്ത്രക്രിയകളിലൂടെ ക്രിസ്ത്യന്റെ കുഞ്ഞു മുഖത്തെ വൈരൂപ്യം കുറച്ചു കൊണ്ടു വരാനായി.വായ പൂര്‍ണമായും അടക്കുവാന്‍ സാധിക്കുന്ന അവസ്ഥ വന്നില്ലെങ്കിലും കുറെയൊക്കെ ഭേദമായി. മൂക്ക് നല്ല രൂപത്തിരൂപത്തിലായി. എന്നാല്‍ ഇതിനായി എടുത്തത് നീണ്ട 6 വര്‍ഷമാണ്. ചികിത്സയ്ക്കാവശ്യമായ വന്‍തുക കണ്ടെത്താനായി ക്രിസ്ത്യന്റെ പേരില്‍ ഫണ്ട് റൈസിംഗ് കാമ്പയിനുകള്‍ നടത്തി. ക്രിസ്ത്യനോടുള്ള തങ്ങളുടെ ശ്രദ്ധയും സ്നേഹവും കുറയാതിരിക്കാന്‍ രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ച് പോലും  ഈ ദമ്പതിമാര്‍ ചിന്തിച്ചില്ല. ഒടുവില്‍ ഡോക്റ്റര്‍മാരുടെ നിർദ്ദേശ പ്രകാരമാണ് ലേസി മറ്റൊരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ഡോക്റ്റര്‍മാര്‍ പറഞ്ഞത് പോലെ തന്നെ അവന്‍ ക്രിസ്ത്യന് ചേര്‍ന്ന കൂട്ടുമായി .

കണ്ണുകള്ള്‍ ഇല്ലെങ്കിലും ദൈവം ക്രിസ്ത്യന് നല്ല കേള്‍വി ശക്തിയാണ് നല്ല്‍കിയിരിക്കുന്നത് .വെളിച്ചമില്ലാത്ത ലോകത്ത് ശബ്ദമാണ് അവനു വഴികാട്ടി .ക്രിസ്ത്യന്റെ ചികിത്സകള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇപ്പോള്ള്‍ മറ്റുള്ളവരെ പോലെ ആഹാരം കഴിക്കാന്‍ അവന്‍ പഠിച്ചു. അനിയനും ഒത്ത് കളിക്കാനും ചിരിക്കാനും ക്രിസ്ത്യന് ഇന്ന് കഴിയും. ഇന്നും ക്രിസ്ത്യന്റെ വൈരൂപ്യം നിറഞ്ഞ മുഖം കണ്ട് കണ്ണ് പൊത്തുന്നവര്‍ ഉണ്ട്, ഭയത്തോടെ നോക്കുന്നവരുണ്ട്. പക്ഷെ അതൊന്നും അവനെ തളര്‍ത്താതെ ജീവിതത്തെ സധൈര്യം നേരിടാന്‍ അവനെ പഠിപ്പിക്കുകയാണ് ഇന്ന് ക്രിസ്ത്യനെ അവന്റെ അമ്മ .ഈ അമ്മയുടെ കണ്ണില്‍ ലോകത്തെ ഏറ്റവും സുന്ദരനായ കുഞ്ഞും ക്രിസ്റ്റ്യന്‍ തന്നെ .അങ്ങനെ വിശ്വസിക്കാന്‍ ആണ് ലേസിക്ക് ഇഷ്ടവും .  അമ്മയുടെ സ്നേഹത്തിന് മുന്നില്‍  പകരം വയ്ക്കാന്‍ ഈ ലോകത്ത് മറ്റെന്താണ് ഉള്ളത് ….