ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും പത്നി ശൈഖ ജവഹര്‍ ബിന്ത് ഹമദ് ബിന്‍ സുഹെയിം അല്‍ഥാനിയും ലണ്ടനില്‍. സംസ്കാര ചടങ്ങുകള്‍ക്കെത്തിയ ലോക നേതാക്കള്‍ക്കായി ചാള്‍സ് രാജാവ് ഒരുക്കിയ ചടങ്ങില്‍ ഇരുവരും പങ്കെടുത്തു.
രാജ്ഞിയുടെ വിയോഗത്തില്‍ ചാള്‍സ് രാജകുമാരന്, രാജകുടുംബാംഗങ്ങള്‍ എന്നിവരെ ഖത്തര്‍ അമീറും പത്നിയും അനുശോചനം അറിയിച്ചു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ജോര്‍ദാന്‍, ലെബനന്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഭരണകര്‍ത്താക്കളും പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി.
ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ അബ്ബെയിലാണ് ഔദ്യോഗിക സംസ്കാരചടങ്ങ് നടക്കുക. 500 ലോകനേതാക്കളാണ് ചടങ്ങിൽ പങ്കെടുക്കുക. 1953 ൽ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിൻസ്റ്റർ അബ്ബെ. രാജഭരണത്തിന്റെ നേതൃത്വം മാത്രമല്ല ലണ്ടനിൽ എത്തുന്നത്. വിവിധ ജനാധിപത്യ സർക്കാരുകളുടെ തലവൻമാർ കൂടിയാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബെഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ, തുർക്കി പ്രസിഡന്റ് എർദോഗൻ, ബ്രസീൽ പ്രസിഡന്റ് ബൊൽസോനാരോ, ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മാറ്റരെല്ല, ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമീർ, ഇസ്രായേൽ പ്രസിഡന്റ് ഹെർസോഗ്, ദക്ഷിണ കൊറിയ പ്രസിഡന്റ് യൂൻ സുക് ഇയോൾ തുടങ്ങിയവരും എത്തും.
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനേസ്, ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീക്ക ആർഡെൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ഫിജിയൻ പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമരാമ, ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ എന്നിവരുള്‍പ്പെടെയുള്ള ലോകനേതാക്കളാണ് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിലെത്തുക.