കഴിഞ്ഞ എട്ട് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് പാകിസ്താൻ ഹോക്കി ടീമിൻ്റെ ഡച്ച് കോച്ച് പരിശീലകൻ നെതർലൻഡിലേക്ക് മടങ്ങി. ദേശീയ ക്യാമ്പുമായി ബന്ധപ്പെട്ട മറ്റ് പാക്ക് പരിശീലകരുടെ അനാവശ്യമായ ഇടപെടലിലും സീഗ്ഫ്രഡ് എക്മാൻ അതൃപ്തനായിരുന്നുവെന്ന് റിപോർട്ടുകൾ അവകാശപ്പെടുന്നു.
ഒഴിഞ്ഞ വയറും മനസ്സിൽ സാമ്പത്തിക ആശങ്കയുമുള്ള ടീമിന് എങ്ങനെ അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് പോകുന്നതിന് മുമ്പ് എയ്‌ക്മാൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാൽ ഉടനെയൊന്നും അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലാത്തതിനാലാണ് കോച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് പാകിസ്താൻ ഹോക്കി ഫെഡറേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ മാസാവസാനത്തോടെ മുഴുവൻ കുടിശ്ശികയും പിഎസ്ബി തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാക്ക് ഹോക്കി സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ സാഹചര്യത്തിൽ കളിക്കാരും അസന്തുഷ്ടരാണ്. പാക്ക് ഹോക്കി ടീം അടുത്തിടെ മലേഷ്യയിൽ നടന്ന അസ്ലൻ ഷാ കപ്പിലും ദക്ഷിണാഫ്രിക്കയിൽ നടന്ന എഫ്ഐഎച്ച് സൂപ്പർ ഹോക്കി ലീഗിലും പങ്കെടുത്തിരുന്നു. രണ്ട് ടൂർണമെന്റുകളിലും പാകിസ്താന്റെ പ്രകടനം നിരാശാജനകമായിരുന്നു. കൂടാതെ ഏഷ്യാ കപ്പിലും കോമൺവെൽത്ത് ഗെയിംസിലും അവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല.