തിരുവനന്തപുരം: ട്വിറ്ററില്‍ ഏറെ ഫോളേവേര്‍സ് ഉള്ള രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍. തിരുവനന്തപുരം എംപി എന്നതിനപ്പുറം തരൂരിന്റെ വൈജ്ഞാനിക ശേഷിയും, ഭാഷ അറിവും എന്നും ട്വിറ്ററില്‍ അദ്ദേഹത്തിന് ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ തന്റെ ട്വിറ്റര്‍ ഫോളോവേര്സ് കുറയുന്നതുമായി ബന്ധപ്പെട്ട പ്രതികരണവുമായി ശശി തരൂര്‍ രംഗത്ത് എത്തിയിരിക്കുന്നു.
മാര്‍ച്ച് ആറിന് വൈകുന്നേരം ചെയ്ത ട്വീറ്റിലാണ് തന്നെ പിന്തുടരുന്നവര് കുറയുന്ന കാര്യം തരൂര്‍ വ്യക്തമാക്കുന്നത്. എന്റെ ട്വിറ്റര്‍ ഫാന്‍ ബേസ് മെല്ലം താഴുന്നതായി കാണുന്നു. ഒരാഴ്ച മുന്‍പ് ഫോളോവേര്സിന്റെ എണ്ണം 8,496,000 ആയിരുന്നത് ഇപ്പോൾ 8,491,000 ആയി കുറഞ്ഞു. ഇത് എന്തോ കാര്യത്തിന്റെ പ്രതിഫലനമാണ്. എന്നാല്‍ അത് എന്താണെന്ന് എനിക്ക് അറിയില്ല. എന്റെ കാഴ്ചപ്പാടുകള്‍ പലതും ഭാഗികമായി മനസിലാക്കുന്നവരാണ് വിട്ടുപോകുന്നതെങ്കില്‍. അവരോട് ഞാന്‍ എന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ ആവശ്യപ്പെടുന്നു – ട്വിറ്ററില്‍ ശശി തരൂര്‍ കുറിക്കുന്നു.