കൊച്ചിയിലെ ജീവിതം നരകതുല്യമാകുന്നു: വിജയ് ബാബു

0

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം കാരണം തുടര്‍ച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയിൽ തന്നെയാണ്. കൊച്ചിയിലെ ജീവിതം നരകമായി എന്നാണ് നടൻ വിജയ് ബാബു സമൂഹമാധ്യമത്തിൽ കുറിച്ചത്. ‘‘വെള്ളം ഇല്ല, നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു..പുക, ചൂട്, കൊതുകുകൾ,രോഗങ്ങൾ… കൊച്ചിയിലെ ജീവിതം നരകമായി.’’–വിജയ് ബാബു കുറിച്ചു.

നിരവധിപ്പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുന്നത്. മാലിന്യ പ്ലാന്റിലെ തീ പിടിത്തം കാരണം കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ മാലിന്യനീക്കം നിലച്ചിട്ട് ഒരാഴ്ചയായി. വീടുകളില്‍നിന്നും ഫ്ലാറ്റുകളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ റോഡില്‍ ഉപേക്ഷിക്കുകയാണ്. റോഡിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യ കൂമ്പാരങ്ങളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം വിജയ് പങ്കുവച്ചിട്ടുണ്ട്.

കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗര്‍ മേഖലകളില്‍ സ്ഥിതി അതിരൂക്ഷമാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. കൊച്ചി കോര്‍പറേഷന്‍, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളില്‍. വടവുകോട്–പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.