പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നു

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വകുപ്പാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയായ ശേഷം ഇത് സംബന്ധിച്ചുള്ള തീരുമാനം അംഗീകാരത്തിനായി ആഭ്യന്തര മന്ത്രിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്ന് കുവൈത്ത് ടൈംസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള ശമ്പള പരിധി വര്‍ദ്ധിപ്പിക്കുകയാണ് പുതിയ മാനദണ്ഡങ്ങളില്‍ പ്രധാനം. ചില ജോലികളിലുള്ളവര്‍ക്ക് മാത്രം ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്ന രീതിയും കൂടുതല്‍ കര്‍ശനമാക്കും. രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നും കവൈത്തില്‍ ഭൂരിപക്ഷം വാഹനങ്ങളും ഓടിക്കുന്നത് പ്രവാസികളെന്നും റിപ്പോര്‍ട്ട് പറയുന്നു.

അടിസ്ഥാന തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള നിരവധി പ്രവാസികള്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കി വാഹനങ്ങള്‍ ഓടിക്കുന്നുണ്ടെന്നും ലൈസന്‍സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നതെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍.

വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നിബന്ധനകളില്‍ മാറ്റം വരുത്താനും ട്രാഫിക് വിഭാഗം പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഇരുപതിനായിരത്തിലധികം വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കം ചെയ്യാമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിലുള്ള സാങ്കേതിക പരിശോധനാ മാനദണ്ഡങ്ങളിലുള്ള പഴുതുകള്‍ ഉപയോഗപ്പെടുത്തി ഇത്തരം വാഹനങ്ങള്‍ സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കുന്നുവെന്നും ഗതാഗത വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്.