രണ്ട് വര്‍ഷത്തെ രാപ്പകലില്ലാത്ത പ്രവൃത്തി. മുപ്പതംഗ സംഘത്തിന്റെ നേതൃത്വത്തില്‍ ഭീമന്‍ ചൈനീസ് ബോറിങ് മെഷീന്‍ കടലിനടിയിലൂടെ നടത്തിയ പ്രയാണം. ഒടുവില്‍ ഇന്ത്യ ആ സ്വപ്നത്തിനടുത്താണ്. കടലിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ തുരങ്ക റോഡ് മുംബൈയില്‍ അവസാന മിനുക്കുപണിയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഈ വര്‍ഷം നവംബറോടെ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനാവുമെന്നാണ് കരുതുന്നത്.
12721 കോടി രൂപയുടെ മുംബൈ തീരദേശ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കത്തിന്റെ നിര്‍മാണ ചുമതല ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നടന്നത്. രണ്ട് ഘട്ടങ്ങളിലായി 29.8 കിലോ മീറ്ററിലാണ് മുംബൈ തീരദേശ റോഡ് പദ്ധതി.
ഉദ്ഘാടനം കഴിഞ്ഞ് രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ഏറ്റവും തിരക്കേറിയ സമയത്ത് ഗിര്‍ഗാവ് മുതല്‍ വോര്‍ലി വരെ 10 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുമെന്നതാണ് പ്രത്യേകത. നിലവില്‍ 45 മിനിറ്റാണ് ഈ ദൂരം താണ്ടാനുള്ള സമയം. ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നില്‍ ഗതാഗതം സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ടോടോള്‍ ഫ്രീ റോഡിലൂടെ സൗത്ത് മുംബൈയെ നോര്‍ത്ത് മുംബൈയുമായി ബന്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഗിര്‍ഗാവ് ചൗപ്പട്ടിക്ക് സമീപം പ്രയദര്‍ശിനി പാര്‍ക്കില്‍ നിന്നാരംഭിച്ച് മറൈന്‍ ഡ്രൈവിലെ നേതാജി സുഭാഷ് പാര്‍ക്കിലാണ് റോഡ് സമാപിക്കുന്നത്. ഇംഗ്ലണ്ടിനേയും ഫ്രാന്‍സിനേയും ബന്ധിപ്പിക്കുന്ന ചാനല്‍ ടണല്‍ പോലുള്ള ലോകത്തിലെ മറ്റ് ജലഗർഭ തുരങ്കവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ആഴത്തില്‍ മാത്രമാണ് മുംബൈയിലെ ജലതുരങ്കത്തിന്റെ ആഴം. സമുദ്രനിരപ്പില്‍നിന്ന് 20 മീറ്റര്‍ ആഴത്തിലാണ് ഇതിന്റെ നിര്‍മാണം. എന്നാല്‍ 75 മീറ്റര്‍ ആഴത്തിലാണ് ചാനല്‍ ടണല്‍. കടലിന്റെ ആഴം നാല് മുതല്‍ അഞ്ച് മീറ്റര്‍ കൂടാത്ത തീരത്തോട് ചേര്‍ന്നാണ് മുംബൈ തുരങ്കത്തിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്.