ടെക്സസ് വെടിവയ്പ്: കൊല്ലപ്പെട്ടവരിൽ തെലങ്കാനയിലെ ജില്ലാ ജഡ്ജിയുടെ മകൾ ഐശ്വര്യയും

0

ഹൂസ്റ്റൺ∙ യുഎസിലെ ടെക്സസ് സംസ്ഥാനത്തുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും. യുഎസിൽ പ്രോജക്ട് എൻജിനീയറായി ജോലി ചെയ്യുന്ന ഐശ്വര്യ തടിക്കൊണ്ടയാണ് (27) കൊല്ലപ്പെട്ട ഇന്ത്യക്കാരി. ശനിയാഴ്ച വൈകിട്ടു ഡാലസിലുള്ള അലനിലെ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ ഒൻപതു പേരാണ് കൊല്ലപ്പെട്ടത്. ഏഴു പേർക്കു പരുക്കേൽക്കുകയും ചെയ്തു. 7 പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.

ഒരു സുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയപ്പോഴാണ് ഐശ്വര്യയ്‌ക്കു വെടിയേറ്റതെന്നാണു വിവരം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലാ ജഡ്ജിയുടെ മകളാണ് ഐശ്വര്യ. ഷോപ്പിങ്ങിനായി പോകുന്നതിനു മുൻപ് ഐശ്വര്യ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചിരുന്നു. പിന്നീട് വെടിവയ്പ് നടന്നതറിഞ്ഞ് കുടുംബാംഗങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച ടെക്സസിലെ ക്ലീവ്‍ലൻഡിൽ അയൽവീട്ടിലെ 5 പേരെ ഒരാൾ വെടിവച്ചുകൊന്നതിനു പിന്നാലെയാണു ഡാലസിലെ കൂട്ടക്കൊല. തോക്കുപയോഗിച്ചുള്ള അക്രമങ്ങളിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള യുഎസ് ആഴ്ചയിൽ കുറഞ്ഞത് ഒരു വെടിവയ്പെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎസിൽ ഈ വർഷമുണ്ടായ 200–ാമത്തെ വെടിവയ്പാണു ടെക്സസിലേതെന്നാണു കണക്ക്. ശനിയാഴ്ചതന്നെ ഉത്തര കലിഫോർണിയയിലെ ചിക്കോയിൽ വിരുന്നിടെ നടന്ന വെടിവയ്പിൽ പതിനേഴുകാരി കൊല്ലപ്പെട്ടു, 5 പേർക്കു പരുക്കേറ്റു. ഒഹായോയിലെ കൊളംബസിൽ നടന്ന വെടിവയ്പിലും ഒട്ടേറെ പേർക്കു പരുക്കേറ്റു.