കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും

0

ബെംഗലൂരു: കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വിവരം. കോൺഗ്രസ് ക്യാംപിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസിന് മുന്നിൽ നേതാക്കൾ തമ്മിൽ തർക്കങ്ങളില്ലാതെ സർക്കാർ രൂപീകരിക്കുക പ്രധാനമാണ്.

കോൺഗ്രസിൽ നിന്ന് ജയിച്ചുവന്ന എംഎൽഎമാരിലും സിദ്ദരാമയ്യയെ പിന്തുണക്കുന്നവരാണ് അധികവും. അതേസമയം തെരഞ്ഞെടുപ്പിൽ കാര്യമായി സഹായിച്ച വൊക്കലിംഗ സമുദായത്തെയും കോൺഗ്രസ് പരിഗണിക്കും. ഈ സമുദായത്തിൽ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിയാക്കും. ഡികെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകൾ നൽകുമെന്നുമാണ് വിവരം.

കർണാടകത്തിൽ ജയിച്ച മുഴുവൻ സ്ഥാനാർത്ഥികളോടും ഉടൻ ബെംഗളൂരുവിൽ എത്താൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകൻ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോൾ നേട്ടമുണ്ടാക്കാനായത്.