തിരുവനന്തപുരം: “എല്ലാവർക്കും ഇന്റർനെറ്റ് ‘ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം അടുത്ത മാസം 5ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റനെറ്റ് സൗകര്യം കെ- ഫോൺ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിലവിൽ 18,000ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ- ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി. 7,000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. കെ- ഫോൺ ടെലികോം മേഖലയിലെ കോർപ്പറേറ്റ് ശക്തികൾക്കെതിരെയുള്ള ഇടതു സർക്കാരിന്റെ ജനകീയ ബദലാണ്. വൈദ്യുതി, ഐടി വകുപ്പുകൾ വഴിയാണ് എൽഡിഎഫ് സർക്കാർ കെ- ഫോൺ പദ്ധതി വിഭാവനം ചെയ്യുന്നത്.