കോഴിക്കോട് തൊട്ടിൽപാലത്തെ വയോധികയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. തൊട്ടിൽപ്പാലം പൂക്കാട് കണ്ടോത്തറമ്മൽ ഖദീജയെയാണ് (78) വീടിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ നെഞ്ചിലേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
നെഞ്ചിലേറ്റ ശക്തമായ ക്ഷതത്തെ തുടർന്ന് ഇരു ഭാഗത്തേയും വാരി എല്ലുകൾ ഒടിഞ്ഞുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മാനസിക അസ്വാസ്ഥ്യമുള്ള പേര മകളുടെ അക്രമത്തിനിടയിലാണ് ഖദീജ കൊല്ലപ്പെട്ടത്. ഇവർ ചികിത്സയിലാണ്. ഖദീജയുടെ പേര മകളുടെ മാനസിക നില തൃപ്തികരമായാൽ 302 വകുപ്പനുസരിച്ച് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഖദീജയുടെ മകൾ അസ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വീടിനകത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഖദീജയെ കണ്ടെത്തിയത്. വായിൽ നിന്നും, മൂക്കിൽ നിന്നും രക്തം പുറത്ത് വന്ന നിലയിലായിരുന്നു. തുടർന്ന് നാട്ടുകാരും വാർഡ് മെമ്പറും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി ഡോക്ടർ അറിയിക്കുകയായിരുന്നു.
തുടർന്നാണ് തൊട്ടിൽപ്പാലം സി.ഐ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഖദീജയുടെ പേരമകൾക്ക് മാനസിക പ്രശ്നമുള്ളതായി നാട്ടുകാർ പറയുന്നു. സംഭവ സമയത്ത് വീട്ടിൽ വെച്ച് മനസിക അസ്വസ്ഥത പ്രകടിപ്പിച്ച പേരമകളെ ബന്ധുക്കൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിക്ക് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.