ഒരല്‍പ്പനേരത്തെ അശ്രദ്ധ കൊണ്ട് ചിലനേരത്തു നഷ്ടമാകുന്നത് പല ജീവനുകള്‍ ആകും.ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് നിരോധിച്ച പട്ടം നൂല്‍ കഴുത്തില്‍ കുരുങ്ങി രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സംഭവം.
പട്ടം പറത്തുന്നതിനായി ഉപയോഗിക്കുന്ന ചൈനീസ് മാഞ്ച എന്ന പ്ലാസ്റ്റിക് നൂല്‍ കഴുത്തില്‍ കുരുങ്ങിയാണ് നാലും മൂന്നും വയസുള്ള കുഞ്ഞുങ്ങള്‍ മരിച്ചത്.പട്ടം പറത്താന്‍ സാധാരണ കോട്ടണ്‍ നൂലുകളോ മറ്റോ ഉപയോഗിക്കുന്നതിന് പകരം അപകടകരമായ ചൈനീസ് നൂല്‍ ഉപയോഗിച്ചതാണ് ഈ ദുരന്തത്തിനു വഴിതെളിച്ചത്.നൂറു കണക്കിന് പക്ഷികളുടെ ജീവനെടുത്ത ഇത്തരം നൂലുകള്‍ ഡല്‍ഹിയിലെ വൈദ്യുത ലൈനുകളിലും മരങ്ങളിലും കുടുങ്ങികിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. ചൈനീസ് നൂലൊരുക്കുന്ന കുരുക്കില്‍പ്പെട്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നാല് പേരാണ് ഡല്‍ഹി നഗരത്തില്‍ മരിച്ചത്.
സാഞ്ചി ഗോയല്‍ (4),ഹാരി (3) എന്നീ കുട്ടികള്‍ക്കാണ് സ്വാതന്ത്ര്യദിനത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ നൂല് കഴുത്തില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ടത്.മാതാപിതാക്കള്‍ക്കൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാഞ്ചി ഗോയല്‍ എന്ന നാലു വയസുകാരിയുടെ കഴുത്തില്‍ ചൈനീസ് നൂല്‍ കുടുങ്ങിയത്. കാറിന്റെ സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്യുകയായിരുന്ന സാഞ്ചിയുടെ കഴുത്തില്‍ അപ്രതീക്ഷിതമായി നൂല്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഈ അപകടം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം രാത്രി എട്ട് മണിയോടെയാണ് അച്ഛനമ്മമാര്‍ക്കും മൂത്തസഹോദരിക്കുമൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ ഹാരിയുടെ കഴുത്തിലും സമാനമായ രീതിയില്‍ ചൈനീസ് നൂല്‍ കുടുങ്ങിയത്. സാഞ്ചിയെ പോലെ കാറിന്റെ സണ്‍റൂഫിലൂടെ പുറം കാഴ്ചകള്‍ കാണുകയായിരുന്ന ഹാരിയുടെ കഴുത്തില്‍ പൊട്ടിപോയ പട്ടത്തിന്റെ നൂല്‍ കുടുങ്ങുകയായിരുന്നു. കഴുത്തിനേറ്റ മുറിവില്‍ നിന്ന് ചോരവാര്‍ന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ ഹാരിയും മരിച്ചു.
ചൈനീസ് നൂലിന്റെ അപകടം തിരിച്ചറിഞ്ഞ ഡല്‍ഹി സര്‍ക്കാര്‍ ഗ്ലാസ്സ്, മെറ്റല്‍ ആവരണത്തോടു കൂടിയ ചൈനീസ് നൂലുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് ചൊവ്വാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായി ചൈനീസ് നൂലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടു പോകും .പക്ഷെ പൊലിഞ്ഞുപോയ കുഞ്ഞു ജീവനുകള്‍ക്ക് പകരമാവില്ലെങ്കിലും ഇനിയും ഒരു ജീവന്‍ കൂടി പൊലിയാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം .