ദാവൂദിന്‍റെ സ്വത്ത് ലേലത്തിൽ കിട്ടിയത് 5 കോടി രൂപ

0

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ കുടുംബാംഗങ്ങളുടെ പേരിൽ മഹാരാഷ്‌ട്രയിലെ രത്നഗിരിയിലുള്ള രണ്ടു കൃഷിസ്ഥലങ്ങൾ ലേലം ചെയ്തു. ഖേഡ് താലൂക്കിലെ മുംബ്കെയിലുള്ള നാല് ആസ്തികളാണ് ലേലത്തിനു വച്ചത്. എന്നാൽ, ഇതിൽ രണ്ടെണ്ണം ലേലം കൊള്ളാൻ ആരുമെത്തിയില്ല. 170.98 ചതുരശ്ര മീറ്ററും 1730 ചതുരശ്ര മീറ്ററും വിസ്തൃതിയുള്ള രണ്ടു കൃഷിഭൂമികൾക്ക് യഥാക്രമം 2.01 കോടി രൂപയും 3.28 ലക്ഷം രൂപയും വില ലഭിച്ചു.

ലേലത്തിൽ വിജയിച്ച ആളുടെ പേര് സുരക്ഷാ കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല. സ്മഗളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് (സ്വത്ത് കണ്ടുകെട്ടൽ) അഥോറിറ്റി ആണ് ലേലം നടത്തിയത്. ദക്ഷിണ മുംബൈയിലെ ആയാകർ ഭവനിലായിരുന്നു ലേല നടപടികൾ. 1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ ആസൂത്രകനാണു ദാവൂദ് ഇബ്രാഹിം. ഇന്ത്യയിൽ നിന്നു കടന്ന ഇയാൾ പാക്കിസ്ഥാനിലെ കറാച്ചിയിൽ ഐഎസ്ഐയുടെ സംരക്ഷണത്തിലാണു കഴിയുന്നത്.

2017 മുതൽ 2023 വരെ ദാവൂദിന്‍റെ 17 വസ്തുക്കൾ കേന്ദ്ര സർക്കാർ ലേലം ചെയ്തിരുന്നു. ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്‍റ് 4.53 കോടിക്കാണ് ലേലം ചെയ്തത്. ഇതിന് പുറമേ 3.53 കോടി മൂല്യം വരുന്ന ആറു ഫ്ലാറ്റുകൾ 3.52 കോടിയുടെ ഗസ്റ്റ്ഹൗസ് എന്നിവയും ലേലം ചെയ്തിട്ടുണ്ട്.

ഇതിനു മുമ്പും ദാവൂദിന്‍റെ വസ്തുക്കൾ ലേലം ചെയ്തിട്ടുണ്ട്. രത്നഗിരിയിലെ ലോട്ടെ ഗ്രാമത്തിലെ ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഡിസംബറിൽ ലേലം ചെയ്തിരുന്നു. 2019ൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റ് 1.80 കോടി രൂപയ്ക്ക് ലേലം ചെയ്തു.