ലോക്സഭാ തെരഞ്ഞെടുപ്പോടെ UDF കേരളത്തിൽ തകരും, പിന്നെ LDFനെ എതിർക്കാൻ ബിജെപി മാത്രമേ ഉണ്ടാവൂ; കെ. സുരേന്ദ്രൻ

0

ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിൻ്റെ കഥ കഴിയുമെന്നും UDF കേരളത്തിൽ തകരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടെടുപ്പ് കഴിയുന്നതോടെ LDFനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തിൽ ഉണ്ടാവു. വർഗീയ ശക്തികളെ താലോലിച്ച് വർഗീയ ധ്രുവീകരണത്തിനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. മുസ്ലീം വോട്ട് സമാഹരിക്കാൻ LDF ശ്രമിക്കുമ്പോൾ UDF ആണ് ക്ഷയിക്കപ്പെടുന്നത്. സാമുദായിക ധ്രുവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് LDF ശ്രമിക്കുന്നത്. അത് തടയാൻ UDF തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഈരാറ്റുപേട്ടയിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ അക്രമിയുടെ സംഘടന ഏതെന്ന് പറയുന്നില്ല. വൈദികനെ ആക്രമിച്ച ആളുടെ പേര് പോലും വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. മറ്റേതൊരു സംസ്ഥാനത്ത് ആയിരുന്നാലും വലിയ പ്രശ്നം ആവേണ്ടതായിരുന്നു ഇത്. മന്നത്ത് പദ്മനാഭനെനെതിരായ ദേശാഭിമാനി ലേഖനത്തിൽ കോൺഗ്രസ് മൗനം പാലിക്കുകയാണ്. മുസ്ലിം വോട്ട് നഷ്ടപെടുമോ എന്ന ചിന്തയിലാണ് കോൺഗ്രസ് മിണ്ടാത്തത്.

പാലം കടക്കുവോളം നാരായണാ പിന്നെ കുരായണാ എന്നതാണ് കോൺഗ്രസ് നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ വിജയിക്കും. മാധ്യമ സർവേകളിൽ നിന്ന് തന്നെ ബി.ജെ.പിയുടെ ജനപിന്തുണ തെളിഞ്ഞു കഴിഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് ആദ്യ വാരത്തിലുണ്ടാകും. സംസ്ഥാന ഘടകത്തിൻ്റെ നിർദ്ദേശങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇവിടെ ഭാരത് അരി വിതരണം പോലും പലർക്കും സഹിക്കുന്നില്ല. വിതരണം തടയുന്നവരുടെ പ്രശ്നം ജനങ്ങളുടെ ലാഭമല്ലെന്ന് വ്യക്തമാണ്. ഭാരത് അരി വിതരണം തടയാൻ ശ്രമിക്കുന്നവരെ ജനം തന്നെ തെരുവിൽ നേരിടും. ഇവിടെ K അരി എന്ന കരി എന്ന് വരുമെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.