റാംപുർ: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ഉത്തർപ്രദേശിലെ റാംപുർ കോടതിയിൽ ഹാജരായി നടിയും മുൻ എംപിയുമായ ജയപ്രദ. 2019ലെ തെരഞ്ഞെടുപ്പുകാലത്തെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് കേസ്. നിരവധി തവണ സമൻസ് അയച്ചിട്ടും ജയപ്രദ കൈപ്പറ്റാഞ്ഞതിനെത്തുടർന്ന് ജയപ്രദ ഒളിവിലാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 6 നു മുൻപ് ജയപ്രദയെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് മാർച്ച് 4ന് ജയപ്രദ പ്രത്യേക മജിസ്ട്രേറ്റ് ഷോബിത് ബൻസാലിനു മുന്നിൽ ഹാജരായി. അവിടെ നിന്നും ഉപാധികളോടെ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് റാംപുർ കോടതിയിൽ ഹാജരായത്. 2004ലും 2009ലും ജയപ്രദ എസ് പി സ്ഥാനാർഥിയായി റാംപുരിൽ മത്സരിച്ചു വിജയിച്ചിരുന്നു.
2019ൽ ബിജെപി സ്ഥാനാർഥിയായി റാംപുരിൽ മത്സരിച്ചെങ്കിലും സമാജ്വാദി പാർട്ടിയുടെ അസം ഖാനിനോട് പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് പെരുമാറ്റച്ചട്ടം നില നിൽക്കേ താരം പ്രദേശത്ത് ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തതിനെതിരേയാണ് കേസ് ഫയൽ ചെയ്തത്. ഈ കേസിലാണ് നിരവധി തവണ ജയപ്രദയ്ക്ക് സമൻസ് അയച്ചത്. താരത്തെ കണ്ടെത്താനാകുന്നില്ലെന്ന് പൊലീസ് അറിയിച്ചതിനെത്തുടർന്ന് എംപി-എംഎൽഎ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് ഇറക്കിയതിനു പിന്നാലെ ഈ ഉത്തരവിനെതിരേ ജയപ്രദ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു.
എന്നാൽ ഹൈക്കോടതി ഹർജി തള്ളിയതോടെയാണ് താരം നേരിട്ട് കോടതിയിൽ ഹാജരായത്. ഇനി മേലാൽ കോടതിയിൽ ഹാജരാകാൻ ഒഴിവു പറയില്ലെന്ന് താരം കോടതിയെ അറിയിച്ചു. കേസ് മാർച്ച് 22ന് കോടതി വീണ്ടും പരിഗണിക്കും.