കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ നമ്പർ-2 കൊലപാതകങ്ങൾക്ക് കുപ്രസിദ്ധം

0

ന്യൂഡൽ‌ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്നത് നിരവധി കൊലപാതകങ്ങളാൽ കുപ്രസിദ്ധമായ തിഹാർ ജയിൽ നമ്പർ 2വിൽ. നിലവിൽ ഗാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ ഉൾപ്പെടുന്നവർ അടക്കമുള്ള നിരവധി കൊടും ക്രിമനലുകളാണ് ഇവിടെ ശിക്ഷ അനുഭവിച്ചിച്ചു കൊണ്ടിരിക്കുന്നത്. കെജ്‌രിവാളിനെ ആക്രമിച്ചുവെന്ന പേരു കിട്ടാൻ മാത്രം അന്തേവാസികളിൽ ചിലർ അദ്ദേഹത്തെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിൽ ഇസഡ് കാറ്റഗറി സുരക്ഷയുള്ള കെജ്‌രിവാളിനെ ജയിലിൽ ഒറ്റയ്ക്കൊരു സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. പക്ഷേ ഈ സെല്ലുള്ള കെട്ടിടത്തിൽ 2021നു ശേഷം രണ്ടു തവണ അന്തേവാസികൾ തമ്മിൽ പരസ്പരം ആക്രമണവും കൊലപാതകവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021ലാണ് ആദ്യത്തെ കൊലപാതകം റിപ്പോർട്ട് ചെയ്തത്. കൊലപാതകക്കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന ജയിൽ പുള്ളിയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ പുള്ളിയായ ശ്രീകൻ രാമസ്വാമി അറസ്റ്റിലായിരുന്നു.

ജയിൽ കെട്ടിടത്തിലുണ്ടായ സംഘർഷത്തിനൊടുവിലായിരുന്നു കൊലപാതകം. അടുത്തിടെ വിചാരണത്തടവുകാരനെ മറ്റു അന്തേവാസികൾ കൂട്ടം ചേർന്ന് ക്രിക്കറ്റ് ബാറ്റു കൊണ്ട് അടിച്ചു കൊന്ന സംഭവവുമുണ്ടായി. കേസിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിപ്പോൾ സിബിഐ അന്വേഷിക്കുകയാണ്. ജയിൽ നമ്പർ 2വിലെ 90 ശതമാനം വരുന്ന തടവുപുള്ളികളും വിചാരണ പൂർത്തിയായ ശേഷം തടവു ശിക്ഷ അനുഭവിക്കുന്നവരാണ്. 650 പേരാണ് ഇപ്പോൾ ഇവിടെയുള്ളത്.