ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയ എത്യോപ്യന്‍ താരത്തെ നാട്ടില്‍ കാത്തിരിക്കുന്നത് തൂക്കുകയര്‍ .മറ്റു രാജ്യക്കാര്‍ മെഡല്‍ നേടി സ്വന്തം നാടുകളില്‍ എത്തി താരങ്ങള്‍ ആകുമ്പോള്‍ ആണ് ഈ വെള്ളിമെഡല്‍ ജേതാവിന്റെ ദുര്‍വിധി .
മാരത്തോണില്‍ വെള്ളി മെഡല്‍ നേടിയ എത്യോപ്യന്‍ താരം ഫെയിസ ലിലേസ ആണ് ആ നിര്‍ഭാഗ്യവാനായ കളിക്കാരന്‍. ഒളിമ്പിക്‌സ് വേദിയില്‍ രാജ്യത്തെ അഭ്യന്തര പ്രശ്‌നം ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നതാണ് താരത്തിന് വിനയായത്. ഒളിമ്പിക്‌സ് വേദിയില്‍ എത്യോപ്യന്‍ ഭരണകൂടത്തിനെതിരായ ആംഗ്യം കാണിച്ചതിന്റെ പേരിലാണ് ഫെയിസ ലിലേസയെ തേടി ഇത്തരം ഒരു അപൂര്‍വ ശിക്ഷ വരാന്‍ പോകുന്നത് .
തനിക്കിനി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്നും മടങ്ങിയാല്‍ താന്‍ നേരിടേണ്ടി വരിക കടുത്ത തടവുശിക്ഷയോ വധശിക്ഷയോ ആവുമെന്നാണ് ഫെയിസ ലിലെസ്സ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.
എത്യോപ്യയിലെ ഭൂമിക്ക് വേണ്ടിയുളള പോരാട്ടത്തെ സൂചിപ്പിച്ച് കൊണ്ട് മാരത്തോണില്‍ രണ്ടാമതായി ഓടിയെത്തിയ ഫെയിസ ലിലേസ തലയ്ക്ക് മുകളില്‍ കൈകള്‍ കുറുകെ പിടിച്ചാണ് മത്സരം അവസാനിപ്പിച്ചത്. ആദ്യം വിജയാഹ്‌ളാദമാണെന്നു കരുതിയെങ്കിലും പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസ്സിലായത്. കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട എത്യോപ്യയിലെ ഒരാമോ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചായിരുന്നു ലിലേസ കൈകള്‍ കൂട്ടി പിടിച്ചത്. 2015 നവംബര്‍ മുതല്‍ എത്യോപ്യന്‍ ഭരണകൂടത്തിനു നേരെ ഒരോമ വിഭാഗം ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു.ഗവണ്‍മെന്റിനെതിരെ ഒരാമോ ജനത കൈകള്‍ കുറുകേ വെച്ചാണ് പ്രതിഷേധിക്കുന്നത്.
എത്യോപ്യയിലെ വലിയ ഗോത്ര വിഭാഗമാണ് ഫെയിസ ലിലേസ ഉള്‍പ്പെടുന്ന ഒരാമോ വംശം.നഗരവികസനം നടത്താന്‍ സര്‍ക്കാര്‍ ഇവരെ കൃഷി ഇടങ്ങളില്‍ നിന്ന് ഇറക്കി വിട്ടു. ഇതിനെതിരെ കഴിഞ്ഞ നവംബര്‍ മുതല്‍ എത്യോപ്യയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്.പ്രക്ഷോഭത്തെ തുടര്‍ന്ന് 400ഓളം പേരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. നൂറുകണക്കിന് ആള്‍ക്കാരെ ഭരണകൂടവിരുദ്ധത ആരോപിച്ച് ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്.മറ്റു എതെങ്കിലും രാജ്യം തനിക്ക് അഭയം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഫെയിസ ലിലേസ.