വ്യവസായ രംഗത്തെ അതികായന്‍ രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം. മുംബൈ വോര്‍ളിയിലെ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്. ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം വര്‍ളി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
കൊളാബോയിലെ വീട്ടിലെത്തിയും മുംബൈയിലെ എൻസിപിഎ ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് , പിയൂഷ് ഗോയൽ എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുതിയായി ഭാരത രത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രമേയെ പാസാക്കി. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു. രാഷ്ട്ര നിര്‍മിതിയില്‍ തനിക്ക് ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്തിട്ടുണ്ട് അദ്ദേഹം. അതുകൊണ്ടായിരിക്കാം പത്മവിഭൂഷണും പത്മശ്രീക്കുമപ്പുറം ഭാരതരത്‌ന എന്ന പരമോന്നത പുരസ്‌കാരം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നത്.
രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കി.