ഇടംകൈകൊണ്ട് ഇടിമുഴക്കങ്ങൾതീർത്ത ഇതിഹാസ താരം റാഫേൽ നദാൽ വിരമിക്കുന്നു

0

ടെന്നിസ് കോർട്ടുകളിൽ ഇടംകൈകൊണ്ട് ഇടിമുഴക്കങ്ങൾതീർത്ത ഇതിഹാസ താരം റാഫേൽ നദാൽ വിരമിക്കുന്നു. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിനു ശേഷം സജീവ ടെന്നിസ് വിടുന്നു എന്ന പ്രഖ്യാപനമാണ് നദാൽ നടത്തിയിരിക്കുന്നത്. മുപ്പത്തെട്ടുകാരനായ സ്പാനിഷ് താരം 22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. ക്ലേ കോർട്ടിലെ ചക്രവർത്തിയുടെ പേരിൽ ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ മാത്രം 14 എണ്ണമാണുള്ളത്.

റോജർ ഫെഡറരും നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും ഉൾപ്പെട്ട, പുരുഷ ടെന്നിസിലെ സുവർണ യുഗത്തിൽനിന്നാണ് ഒരാൾ കൂടി പിൻവാങ്ങുന്നത്. ”ഈ ദിവസം ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്നാണു ഞാൻ ആഗ്രഹിച്ചത്” എന്നായിരുന്നു നദാലിന്‍റെ വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ചുള്ള ഫെഡററുടെ പ്രതികരണം.

”ഇതുവരെ അനുഭവിച്ചറിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെയായിരുന്നു. എനിക്ക് കഴിയുന്നതിന്‍റെ പരമാവധി ചെയ്തു, സാധ്യമായ രീതികളിലെല്ലാം പ്രയത്നിച്ചു”, നദാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

വിട്ടുമാറാത്ത പരുക്കുകളാണ് ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിലെന്നും നദാൽ വ്യക്തമാക്കി. ”കടുപ്പമേറിയ വർഷങ്ങളാണ് കടന്നു പോകുന്നത്, പ്രത്യേകിച്ച് ഇക്കഴിഞ്ഞ രണ്ടു വർഷം. പരിമിതികളില്ലാതെ കളിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ, ഈ ജീവിതത്തിൽ ഏതു കാര്യത്തിനും ഒരു തുടക്കവും ഒടുക്കവുമുണ്ടാകും”, നദാൽ വിശദീകരിച്ചു.

”ലക്ഷക്കണക്കിന് ഓർമകൾക്ക് 14 നന്ദി” എന്നാണ് ഫ്രഞ്ച് ഓപ്പൺ വേദിയായ റോളണ്ട് ഗാരോസിന്‍റെ എക്സ് പേജിൽ നദാലിനായി കുറിക്കപ്പെട്ടത്. പുരുഷ – വനിതാ ടെന്നിസിൽ ഒരാൾക്കും എത്തിപ്പിടിക്കാനാവാത്ത 14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ എന്ന അവിശ്വസനീയ നേട്ടത്തിനുള്ള ആദരസൂചകമായി നേരത്തേ തന്നെ ഇവിടത്തെ പ്രധാന സ്റ്റേഡിയത്തിനടുത്ത് നദാലിന്‍റെ പ്രതിമ സ്ഥാപിച്ചിരുന്നു.

ഫ്രഞ്ച് ഓപ്പൺ കൂടാതെ യുഎസ് ഓപ്പണിൽ നാല് വട്ടവും വിംബിൾഡണിലും ഓസ്ട്രേലിയൻ ഓപ്പണിലും ഈരണ്ടു തവണയും നദാൽ ചാംപ്യനായിരുന്നു.

റോജർ ഫെഡററുടെ 20 ഗ്രാൻഡ്സ്ലാം എന്ന റെക്കോഡാണ് നദാൽ മറികടന്നത്. 2022ൽ നാൽപ്പത്തിയൊന്നാം വയസിൽ വിരമിക്കും മുൻപ് അവസാനമായി ലേവർ കപ്പിൽ നദാലുമൊത്ത് ഡബിൾസ് ടീമായി കളിക്കാനിറങ്ങിയിരുന്നു ഫെഡറർ. പിന്നീട് ഇരുവരുടെയും നേട്ടങ്ങൾ മറികടന്ന ജോക്കോവിച്ച് ഇപ്പോൾ 24 ഗ്രാൻഡ്സ്ലാം കിരീടങ്ങളിൽ എത്തിനിൽക്കുന്നു.

നദാലിന്‍റെ സ്വന്തം രാജ്യമായ സ്പെയ്നിലെ മലാഗയാണ് ഡേവിസ് കപ്പ് ഫൈനലിനു വേദിയാകുന്നത്. ഇവിടെ തന്നെ അവസാന മത്സരം കളിക്കാനിറങ്ങുന്നത് ആവേശകരമാണെന്ന് നദാൽ പറയുന്നു. സ്പെയ്നിലെ തന്നെ സെവിയയിൽ 2004ൽ നടത്തിയ ഡേവിസ് കപ്പ് ഫൈനലോടെയാണ് പ്രൊഫഷണൽ പ്ലെയർ എന്ന നിലയിൽ നദാൽ ഉന്നതികളിലേക്ക് കുതിപ്പ് തുടങ്ങിയത്.

റോജർ ഫെഡററും റാഫേൽ നദാലും 40 തവണ ഏറ്റുമുട്ടിയപ്പോൾ 24 തവണയും വിജയം നദാലിനായിരുന്നു. 60 വട്ടം ജോക്കോവിച്ചിനെ നേരിട്ടപ്പോൾ 29 വിജയവും.