‘ഷാമ്പൂ’ ആണെന്ന് കരുതി യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി

0

ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

നിരവധി ഭക്തരാണ് നദിയിലിറങ്ങി പ്രാര്‍ഥിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ യമുനയിലിറങ്ങാന്‍ പാടില്ലെന്ന ഹൈക്കോടതി മുന്നറിയിപ്പുള്ളപ്പോഴാണ് ഡല്‍ഹിയില്‍ ആയിരങ്ങള്‍ നദിയിലിറങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മലിനീകരണം കാരണം യമുനയില്‍ നിറഞ്ഞ വിഷപ്പത ഉപയോഗിച്ച് മുടി കഴുകുന്ന സ്ത്രീയുടെ ദൃശ്യമാണ് വിഡിയോയിലുള്ളത്. വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

വിഷപ്പത കൊണ്ട് തലമുടി കഴുകുന്നതിന്റേയും അപകടകരമായതരത്തിൽ മലിനമാക്കപ്പെട്ട യമുനയിലെ വെള്ളത്തിലിറങ്ങുന്നവരുടേയും ദൃശ്യങ്ങൾ കണ്ട് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു.