2,600 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് അമേരിക്കൻ വനിത ഗിന്നസ് റെക്കോർഡിൽ ഇടം നേടി. ആവശ്യക്കാർക്ക് മുലപ്പാൽ ദാനം ചെയ്ത് സ്വന്തം റെക്കോർഡ് തിരുത്തികുറിച്ചിരിക്കുകയാണ് യുഎസിലെ ടെക്സസ് സ്വദേശിനിയായ അലീസ ഒഗിൾട്രീ. 2,645.58 ലിറ്റർ മുലപ്പാലാണ് അലീസ ദാനം ചെയ്തത്.
2014 ലെ തന്റെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ചാണ് അലീസ വീണ്ടും ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുന്നത്. 2014 ൽ 1,569.79 ലിറ്റർ മുലപ്പാൽ സംഭാവന നൽകി അവർ വേൾഡ് റെക്കോർഡ് നേടിയിരുന്നു.നോർത്ത് ടെക്സാസിലെ മദേഴ്സ് മിൽക്ക് ബാങ്കിന്റെ കണക്കനുസരിച്ച്, ഒരു ലിറ്റർ മുലപ്പാൽ മാസം തികയാതെ ജനിക്കുന്ന 11 കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കും.
അലീസ ദാനം ചെയ്ത മുലപ്പാലിലൂടെ 350,000-ലധികം കുഞ്ഞുങ്ങൾക്കാണ് പുതുജീവൻ ലഭിച്ചത്. 2010-ൽ തന്റെ മകൻ കൈലിന് ജന്മം നൽകിയപ്പോൾ മുതലാണ് അലീസ മുലപ്പാൽ ദാനം ചെയ്യാൻ തുടങ്ങിയത്. അലീസ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയശേഷവും മുലപ്പാൽ ദാനം ചെയ്യുന്നത് തുടരുകയാണ്.
ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും, രാത്രിയിൽ പോലും 15-30 മിനുട്ട് നേരം മുലപ്പാൽ നൽകാറുണ്ട്. പമ്പ് ചെയ്ത ശേഷം ബാക്കി വരുന്ന പാൽ ഫ്രീസ് ചെയ്ത് വയ്ക്കും. ശേഷം അടുത്തുള്ള മിൽക്ക് ബാങ്കിലേക്ക് കൊണ്ടുപോയി ഏൽപ്പിക്കാറാണ് പതിവെന്നും അലീസ പറഞ്ഞു.