ഷാർജ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പൂർണ അർഥത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകാൻ ഏകദേശ ധാരണ രൂപപ്പെട്ടിരുന്നു. എന്നാൽ, വീറ്റോ അധികാരം ഉണ്ടാവില്ല എന്നതാണ് ഉപാധി. വീറ്റോ അധികാരമില്ലെങ്കിൽ സ്ഥിരാംഗത്വം കൊണ്ട് കാര്യമായ പ്രയോജനമുണ്ടാവില്ലെന്ന് ശ്രീനിവാസൻ പറയുന്നു.
വീറ്റോ അധികാരമില്ലെങ്കിലും രക്ഷാ സമിതി സ്ഥിരാംഗത്വം സ്വീകാര്യമാണെന്ന നിലപാടാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്നത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.