സ്‌കൂളില്‍ പോകാത്ത മാളവികയ്ക്ക് ഐഐടി പ്രവേശനം നിഷേധിച്ചു ;പക്ഷെ എംഐടി നല്‍കിയത് സ്‌കോളര്‍ഷിപ്പോടെ പ്രവേശനം

0

ചിലരുടെ കഴിവുകള്‍ നന്നായി മനസിലാക്കി പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യക്കാര്‍ പിന്നിലാണെന്ന് പറയുന്നതില്‍ ഒരു വാസ്തവം ഉണ്ടെന്നു തോന്നുന്നു. സര്‍ട്ടിഫിക്കറ്റുകളുടെയും ,എ ഗ്രേഡ് നിരകളുടെയും അടിസ്ഥാനത്തില്‍ കുട്ടികളെ വിലയിരുത്തുമ്പോള്‍ പലപ്പോഴും നമ്മുടെ വിദ്യാഭ്യാസ സംബ്രദായത്തിനു തെറ്റ് പറ്റാറുണ്ട്.

അതിനൊരു ചെറിയ ഉദാഹരണമാണ് മുംബൈ സ്വദേശി മാളവിക രാജ് എന്ന പതിനേഴുകാരിയുടേത്. ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസമൊന്നും നേടാതെ വീട്ടിലിരുന്ന് അറിവ് സമ്പാദിച്ച മാളവികയ്ക്ക് പക്ഷെ ഐഐടി പ്രവേശനം നല്‍കിയില്ല .രാജ്യാന്തര ശാസ്ത്ര ഒളിമ്പ്യാഡില്‍ മൂന്ന് തവണ വിജയിയായ(രണ്ട് തവണ വെള്ളി, ഒരു വെങ്കലം) മാളവികയ്ക്ക് ഐഐടി യില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ട കഴിവില്ല എന്നായിരുന്നു കണ്ടെത്തല്‍.പക്ഷെ ഇപ്പോള്‍ മാളവികയെ തേടിയെത്തിയത് ആരും കൊതിക്കുന്ന അമേരിക്കയിലെ മസാച്യുസെറ്റസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എംഐടി സ്‌കോളര്‍ഷിപ്പ് ആണ് .

എന്‍ട്രന്‍സ് പരീക്ഷകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന ഐഐടികളില്‍ നിന്നും വ്യത്യസ്തമായി വിവിധ ഒളിമ്പ്യാഡുകളില്‍(ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, കമ്പ്യൂട്ടര്‍) വിജയികളാകുന്ന പ്രതിഭകള്‍ക്കും എംഐടി പ്രവേശനം നല്‍കിവരുന്നുണ്ട്.അങ്ങനെയാണ് മാളവികയിലെ ജീനിയസിനെ  എംഐടി കണ്ടെത്തിയത് .

മുംബൈയിലെ ദാദര്‍ പ്രസീ യൂത്ത് അസംബ്ലി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാളവികയുടെ സ്‌കൂള്‍ പഠനം അമ്മ അവസാനിപ്പിച്ചത് . കുട്ടികളെ നിലവിലുള്ള വ്യവസ്ഥയുടെ ഉല്‍പ്പന്നമാക്കാന്‍ അവര്‍ക്ക് താല്പര്യമില്ലായിരുന്നു . പരമ്പരാഗത അറിവിനേക്കാള്‍ പ്രധാനമാണ് സന്തോഷം എന്ന് ആ അമ്മ വിശ്വസിച്ചു .അത് കൊണ്ട് തന്നെ തന്റെ രണ്ടു പെണ്‍മക്കള്‍ക്കും അവര്‍ വീട്ടില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കി .ആ തീരുമാനം അറിവിനോട് മക്കള്‍ക്ക് കൂടുതല്‍ അഭിനിവേശം  നല്‍കിയെന്നു മാളവികയുടെ അമ്മ സുപ്രിയ പറയുന്നു . കുട്ടികളെ സ്കൂളില്‍ വിടാതെ ഇരുന്ന തന്റെ തീരുമാനത്തിനു കടുത്ത എതിര്‍പ്പുകള്‍ താന്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സുപ്രിയ ഓര്‍ക്കുന്നു .പക്ഷെ ഇന്ന് ആ വിമര്‍ശനങ്ങള്‍കെല്ലാം ഉള്ള ഉത്തരം മാളവികയുടെ ഈ നേട്ടമാണെന്ന് സുപ്രിയ പറയും .