ദുബായ് ഷവര്‍മ്മയ്ക്ക് ഗുഡ്ബൈ പറയാന്‍ പോകുന്നു

0

ജനപ്രിയ അറേബ്യന്‍ ഭക്ഷ്യവിഭവങ്ങളുടെ വില്‍പനക്ക് ദുബൈ നഗരസഭ ഏര്‍പ്പെടുത്തിയ പുതിയ നിയമം പ്രാബല്യത്തിലായതോടെ 45 ശതമാനത്തോളം ഷവര്‍മ കടകളും അടച്ചുപൂട്ടലിലേക്ക്.ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ ശുചിത്വ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഷവര്‍മ്മ കടകള്‍ ആണ് അടച്ചുപൂട്ടല്‍ നേരിടാന്‍ പോകുന്നത് .

നവംബര്‍ 1 മുതല്‍ നിയമം പാലിക്കാത്ത ഏകദേശം 45% കടകള്‍ ആണ് അടച്ചു പൂട്ടുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ കടകള്‍ ഇതില്‍ ഉള്‍പ്പെടും.ആരോഗ്യവും സുരക്ഷയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കടകളുടെ വിസ്തൃതി, ഉപകരണങ്ങള്‍, സംഭരണ സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 572 ചെറുകിട-ഇടത്തരം ഷവര്‍മ കടകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ച് ആറ് മാസത്തിനകം പുതിയ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ ക്രമീകരിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഈ കാലാവധി ഒക്ടോബര്‍ 31ന് അവസാനിച്ചു.പ്രതിദിനം 4 ഔട്ട്‌ലെറ്റുകള്‍ എന്ന നിലക്കായിരുന്നു ദുബായില്‍ ഷവര്‍മ്മ സ്റ്റാളുകള്‍ വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ദുബായ് ഗവണ്മെന്റ് നടപടി കര്‍ക്കശമാക്കിയത്.

നോട്ടീസ് ലഭിച്ച 572 കടകളില്‍ 318 എണ്ണം മാത്രമേ മാനദണ്ഡത്തിന് അനുസൃതമായ മാറ്റം വരുത്തിയിട്ടുള്ളുവെന്ന് നഗരസഭ അറിയിച്ചു. നോട്ടീസ് ലഭിച്ചവയില്‍ 146 കടകള്‍ (25.5 ശതമാനം) ആവശ്യമായ മാറ്റങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ ഭക്ഷ്യപരിശോധനാ മേധാവി സുല്‍ത്താന്‍ അലി ആല്‍ താഹിര്‍ പറഞ്ഞു. 172 എണ്ണം (30.07) മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. 113 സ്ഥാപനങ്ങള്‍ (19.75 ശതമാനം) ഷവര്‍മ വില്‍പന പൂര്‍ണമായി നിര്‍ത്തി.

141 എണ്ണം (24.65 ശതമാനം) ഒരു നടപടിയും സ്വീകരിച്ചിട്ടില്ളെന്നും വാര്‍ത്താകുറിപ്പില്‍ അദ്ദേഹം പറഞ്ഞു.ആവശ്യമായ നടപടികള്‍ എടുക്കാത്ത കടകളില്‍ ഷവര്‍മ വില്‍പന അനുവദിക്കില്ല. കടകളില്‍ മാറ്റം വരുത്താന്‍ ഇനി സാവകാശം അനുവദിക്കുകയുമില്ല. നിയമം ലംഘിച്ച് ഷവര്‍മ വില്‍പന നടത്തിയാല്‍ പിഴ ഈടാക്കും.