ലണ്ടൻ: ബ്രിട്ടനിലെ ജിസിഎച്ച്ക്യൂ (ഗവൺമെന്റ് കമ്യൂണിക്കേഷൻസ് ഹെഡ്ക്വാർട്ടേഴ്സ്) ഇന്റലിജൻസ് ഏജൻസിയുടെ 104 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വനിതാമേധാവി. ഇപ്പോൾ മിലിറ്ററി ഇന്റലിജൻസ് 5 (എംഐ5) ഉപമേധാവിയായ ആൻ കീസ്റ്റ് ബട്‌ലറെയാണ് ജിസിഎച്ച്ക്യൂ മേധാവിയായി വിദേശകാര്യമന്ത്രി ജയിംസ് ക്ലെവർലി നാമനിർദേശം ചെയ്തത്. അടുത്ത മാസം ചുമതലയേൽക്കും.
ബ്രിട്ടന്റെ എതിരാളികളുടെ ആശയവിനിമയങ്ങൾ കേന്ദ്രീകരിച്ചുള്ള രഹസ്യാന്വേഷണമാണ് ജിസിഎച്ച്ക്യൂ നടത്തുന്നത്. ദേശീയ സുരക്ഷാരംഗത്ത് 30 വർഷത്തെ പരിചയമുള്ള കീസ്റ്റ് ബട്‌ലർ നേരത്തേ ഇതേ ഏജൻസിയുടെ ഭീകരവിരുദ്ധ വിഭാഗം മേധാവിയായിരുന്നിട്ടുണ്ട്.