ഡൽഹി–കൊച്ചി–ദുബായ് റൂട്ടിൽ എയർ ഇന്ത്യ ഡ്രീംലൈനർ ഫെബ്രുവരി ഒന്നിന്
ഡൽഹി–കൊച്ചി–ദുബായ് റൂട്ടിൽ അനുവദിച്ച എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ സമയക്രമം തയാറായി. ഫെബ്രുവരി ഒന്നിനാണു സർവീസ് തുടങ്ങുക.
ഡൽഹി–കൊച്ചി–ദുബായ് റൂട്ടിൽ അനുവദിച്ച എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ സമയക്രമം തയാറായി. ഫെബ്രുവരി ഒന്നിനാണു സർവീസ് തുടങ്ങുക. ഇക്കോണമിയിൽ 40 കിലോഗ്രാമും ബിസിനസ് ക്ലാസിൽ 50 കിലോഗ്രാമും ലഗേജ് അനുവദിക്കുമെന്ന് എയർ ഇന്ത്യയുടെ അറിയിപ്പു ലഭിച്ചതായി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
രാവിലെ ഡൽഹിയിൽ നിന്ന് 5.10നു പുറപ്പെടുന്ന വിമാനം എട്ടു മണിക്കു കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് 9.15നു പുറപ്പെട്ടു 12നു ദുബായിലും. ഉച്ചകഴിഞ്ഞ് 1.30നു ദുബായിൽ നിന്നു പുറപ്പെട്ട് 6.50നാണു കൊച്ചിയിലെത്തുക. രാത്രി 8.20നു കൊച്ചിയിൽ നിന്നു പുറപ്പെട്ടു 11.25 നു ഡൽഹിയിൽ തിരിച്ചെത്തും. പാർലമെന്റ് സമിതിയിൽ കെ.സി. വേണുഗോപാൽ തുടർച്ചയായി സമ്മർദം ചെലുത്തിയതിനെത്തുടർന്നാണു കൊച്ചി–ദുബായ് സെക്ടറിൽ ഡ്രീംലൈനർ അനുവദിച്ചത്.ദീർഘദൂര സർവീസ് ലക്ഷ്യമിട്ടു 2011ൽ ബോയിങ് പുറത്തിറക്കിയ വിമാനമാണിത്. 240 മുതൽ 335 വരെ യാത്രക്കാരെ വഹിക്കും. മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും. 15,000 കിലോമീറ്റർ വരെ നിർത്താതെ പറക്കാനാവും.