കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം
തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെയാണ് കർക്കിടക വാവുബലി. തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം, വർക്കല, തിരുവല്ലം ഉൾപ്പെടെയുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി സി.പി. ജോൺ അറിയിച്ചു.
ബലിതർപ്പണത്തിനെത്തുന്നവർക്കായി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. അതേസമയം, കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസ്, അഗ്നിശമനസേന, ലൈഫ് ഗാർഡുകൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഫയർഫോഴ്‌സ്, പൊലീസ്, ലൈഫ് ഗാർഡുകൾ എന്നിവരുടെ നിർദേശങ്ങൾ അനുസരിച്ചുമാത്രം ജലാശയങ്ങളിലേക്ക് ഇറങ്ങണം. പരിചിതമല്ലാത്തതോ ആഴമേറിയതോ ആയ ഭാഗങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണം. ശക്തമായ അടിയൊഴുക്കിനും തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കടലിലും ജലാശയങ്ങളിലും പ്രത്യേക ജാഗ്രത വേണം.
കുട്ടികളെ യാതൊരു കാരണവശാലും വെള്ളത്തിനടുത്തേക്ക് ഒറ്റയ്ക്ക് വിടരുത്. അവരുടെ കൈകൾ എപ്പോഴും പിടിച്ചിരിക്കണമെന്നും സുരക്ഷാ നിർദേശങ്ങളിൽ പറയുന്നു.
ബലിമണ്ഡപങ്ങളിൽ അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി വരിയിൽ മാത്രം നീങ്ങണം. സുരക്ഷാ ബാരിക്കേഡുകളോ കയറുകളോ മറികടന്ന് മുന്നോട്ട് പോകരുത്. പൊലീസ്, അഗ്നിശമനസേന, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ നൽകുന്ന നിർദേശങ്ങളോട് ഭക്തർ സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വയോധികരും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും കഴിയുന്നത്ര പുലർച്ചെ തന്നെ ചടങ്ങുകൾ പൂർത്തിയാക്കുന്നത് സുരക്ഷിതമാണ്. ആവശ്യത്തിന് ശുദ്ധജലം കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കാനും ശ്രദ്ധിക്കണം.
കർക്കിടക വാവുബലി ദിവസത്തെ തിരക്ക് കണക്കിലെടുത്ത് തലസ്ഥാന നഗരിയിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെയാണ് നിയന്ത്രണം. തിരുവല്ലം ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത ക്രമീകരണങ്ങൾ.
വാവുബലി ദിവസത്തെ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ആവശ്യമായ സമയം കണക്കാക്കി നേരത്തെ യാത്ര തിരിക്കണമെന്നും നിർദേശമുണ്ട്.