ഇസ്താംബുള്‍ അറ്റാതുര്‍ക് വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിന്ന് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .അവധിക്കാലം ചെലവഴിക്കാനായി ഇസ്താംബൂളിലെത്തിയ താരവും മക്കളും സംഭവസ്ഥലത്തും നിന്നും തിരിച്ച് മണിക്കൂളുകള്‍ക്കുള്ളിലാണ് ഇസ്താംബൂള്‍ അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
മൂവരും അവധിക്കാലം ചിലവഴിക്കുന്നതിന്റ ഭാഗമായി സ്‌പെയിനും ആഫ്രിക്കയിലും അവധി ആഘോഷിച്ച് തിരിച്ചുവരുകയായിരുന്നു. ഇസ്താംബുളില്‍ എത്തിയ ഇവരുടെ കണക്ടിങ് ഫ്‌ളൈറ്റ് നഷ്ടമായിരുന്നു. വിമാനത്താവളത്തില്‍ കുടുങ്ങിയ ഇവരുടെ വിമാനം അടുത്ത ദിവസമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബിസിനസ് ക്ലാസിനായി കാത്തു നില്‍ക്കാതെ കിട്ടിയ വിമാനത്തില്‍ എക്കണോമിക് ക്ലാസില്‍ ഇവര്‍ അന്നു തന്നെ യാത്ര തിരിക്കുകയാണുണ്ടായത്.
മൂന്ന് ചാവേര്‍ സ്‌ഫോടനങ്ങളാണ് വിമാനത്താവളത്തില്‍ നടന്നത്. വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിലെത്തിയ ചാവേറുകള്‍ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ പരിശോധനയ്ക്കു തൊട്ടു മുന്‍പാണ് രണ്ട് മനുഷ്യബോംബുകള്‍ പൊട്ടിത്തെറിച്ചത്.ആക്രമണം നടത്താനെത്തിയ ചാവേറുകളെ തടയാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ഇവര്‍ സ്വയം പൊട്ടിത്തെറിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണെന്നാണ് സൂചന. എന്നാല്‍ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരില്‍ അധികവും തുര്‍ക്കി പൗരന്മാരാണ്. വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.