അന്ന് മീന്‍വിറ്റും ,ഹോട്ടലില്‍ പാത്രം കഴുകിയും ജോബിന്‍ പഠിച്ചു; ഇന്ന് ജോബിന്‍ അസിസ്റ്റന്റ് പ്രഫസര്‍

0

നടന്നു വന്ന വഴികളിലേക്ക് തിരഞ്ഞു നോക്കുമ്പോള്‍ ഇന്ന് ജോബിന്‍ ജോസഫ് എന്ന നെടുങ്കണ്ടംകാരനു തികഞ്ഞ സന്തോഷമാണ് .കാരണം കടന്നു വന്ന വീഥികള്‍ എല്ലാം മുള്ളുകള്‍ നിറഞ്ഞതായിട്ടും അവയെല്ലാം ജോബിന്‍ അതിജീവിച്ചത് മനകരുത്ത് കൊണ്ടായിരുന്നു .ഇനി ജോബിനെ കുറിച്ച് പറയാം .

കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ടു മാത്രം കുടുംബം മുന്നോട്ടു പോയിരുന്ന ഒരു വീട്ടിലെ അംഗം .അമ്മ ഒരപകടത്തില്‍ ശരീരം തളര്‍ന്നു കിടപ്പ് .ഏതൊരു വിദ്യാര്‍ത്ഥിയും മനസ്സ് തകര്‍ന്നു പോകുന്ന ഒരവസ്ഥ .അന്ന് ജോബിന്‍ വെറും പ്ലസ്‌ ടു വിദ്യാര്‍ഥി .പക്ഷെ ജോബിന്‍ എന്ന കുട്ടിയുടെ നിശ്ചയധാര്ധ്യത്തിനു മുന്നില്‍ ഇതൊന്നും ഒരു തടസ്സമായില്ല .അവന്‍ പഠിച്ചു ..

കാഞ്ഞിരപ്പള്ളിയിലെ ഹോട്ടലില്‍ പാത്രം കഴുകലും മേശ തുടയ്ക്കലുമൊക്കെയാണ് ആദ്യം ലഭിച്ച പണി. ഹോട്ടല്‍ നിര്‍ത്തിയപ്പോള്‍ പാലായിലുള്ള മീന്‍കടയിലേക്ക് പോയി . പിന്നീടങ്ങോട്ട് ജോബിന്‍ ജീവിക്കാനും പഠിക്കാനും ചെയ്തത് 20ല്‍ പരം വ്യത്യസ്ത ജോലികള്‍. ഇതിനിടയില്‍ ബിരുദം, ബിരുദാനന്തരബിരുദം, ബിഎഡ് തുടങ്ങിയ കടമ്പകളെല്ലാം ഈ ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടു മടക്കി. ഒടുവില്‍ മുല്ലക്കാനം സാൻജോ കോളജിലെ ഇംഗ്ലീഷ് വിഭാഗം  അസിസ്റ്റന്റ് പ്രഫസറായി ജോലി ആരംഭിക്കുക്കുകയാണ് ഈ മിടുക്കന്‍ .

മീന്‍ കടയില്‍ പണ്ട് ജോലി ചെയ്തിരുന്ന കാലത്തെ ചിത്രങ്ങള്‍ സഹിതം ജോബിന്‍ തന്റെ ജീവിതകഥ പങ്കുവച്ചപ്പോള്‍ സാമൂഹികമാധ്യമമായ ഫേസ്ബുക്ക് അത് ഏറ്റെടുത്ത് വൈറലാക്കി. ലോട്ടറി സ്ഥാപനം, ചിപ്‌സ് കമ്പനി, കൂലിവേല, ഏലക്കുഴി കുത്തല്‍, വാഴ വെക്കല്‍, കൊടിയിടല്‍, മുളകുപറിക്കല്‍, വര്‍ക്‌ഷോപ്പ് പണി, മെയ്ക്കാഡ് പണി എന്നിങ്ങനെ ജോബിന്‍ കൈവയ്ക്കാത്ത തൊഴില്‍മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. ജോബിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ നിരവധി പേര്‍ ഈ യാത്രയില്‍ ജോബിന് പ്രോത്സാഹനവുമായെത്തി. കഷ്ടപ്പെട്ടു പഠിക്കുന്നവരെ ഒത്തിരി ഇഷ്ടമാണെന്നെഴുതി പോസ്റ്റ് അവസാനിപ്പിച്ച ജോബിനെ തേടി ഫ്രണ്ട് റിക്വസ്റ്റുകളുടെ ബഹളമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍.