പ്രവാസ കൈരളി സാഹിത്യ പുരസ്‍കാരം കെ. ആർ. മീരയ്ക്ക്

0

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം എഴുത്തുകാരിയും വയലാർ അവാർഡ് ജേതാവുമായ കെ.ആർ. മീരയ്ക്ക്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും, വയലാർ അവാർഡും ലഭിച്ച ‘ആരാച്ചാർ’ എന്ന നോവലാണ് അവാർഡിന് അർഹമായ കൃതിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ജനുവരി 27, വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് റൂവിയിലെ അൽഫലാജ് ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള ‘സർഗ്ഗസംഗീതം 2023’ എന്ന പരിപാടിയിൽ വെച്ച് മലയാളം വിഭാഗം കൺവീനർ പി. ശ്രീകുമാർ, കെ ആർ മീരക്ക് പുരസ്കാരം സമ്മാനിക്കും. പിന്നണി ഗായകൻ ഉണ്ണിമേനോൻ നയിക്കുന്ന ഗാനമേളയും അരങ്ങേറുന്ന ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

ജനുവരി 28ന് മലയാള വിഭാഗം ഹാളിൽ വച്ച് സാഹിത്യ വിഭാഗം നയിക്കുന്ന സാഹിത്യ ചർച്ചയിലും കെ. ആർ. മീര പങ്കെടുക്കും. ഒമാനില്‍ 25 വർഷമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളവിഭാഗം എന്ന സംഘടന, മലയാളഭാഷയെ സ്നേഹിക്കുന്ന ഒമാനിലെ മലയാളികൾക്ക് സാഹിത്യപരമായും, സാംസ്കാരികപരമായും, സാമൂഹ്യപരമായും ശ്രേഷ്ഠമായ ദൃശ്യവിരുന്നൊരുക്കുന്നതിൽ എപ്പോഴും മുൻപന്തിയിലാണെന്ന് സംഘടകർ അറിയിച്ചു.