ശാസ്ത്രത്തിനു പോലും അത്ഭുതമാണ് ലോറന്‍കോ എന്ന കുഞ്ഞിന്റെ ജനനം. മസ്തിഷ്‌ക മരണം സംഭവിച്ച അമ്മയെ വെന്റിലേറ്ററില്‍ സൂക്ഷിച്ച് 107 ദിവസം ഉദരത്തില്‍ വളര്‍ത്തിയെടുത്ത കുഞ്ഞാണ് ലോറന്‍കോ. 37-കാരിയായ സാന്ദ്ര പെഡ്രോയെ ഫെബ്രുവരി 20-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ അവര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു.
17 ആഴ്ച ഗര്‍ഭിണിയായിരുന്നു അവരപ്പോള്‍. വയറ്റിലുള്ള കുഞ്ഞും മരിച്ചിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. എന്നാല്‍ കുഞ്ഞിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്‍ലെന്ന് മനസ്സിലായപ്പോള്‍ സാന്ദ്രയുടെ ശരീരം വെന്റിലേറ്ററില്‍ സൂക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചു. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാനാകുമോ എന്ന് പരീക്ഷിക്കാനായിരുന്നു അത്.
ഒരു ജീവനുള്ള ഇന്‍ക്യുബേറ്റര്‍ പോലെ ആ കുഞ്ഞുശരീരം വളരാന്‍ സാന്ദ്രയുടെ ശരീരം വെന്റിലേറ്ററിന്റെ സഹായത്തോടെ മിടിച്ചുകൊണ്ടിരുന്നു. ട്യൂബിലൂടെ കുഞ്ഞിന് ആവശ്യമായതെല്‍ലാം വയറ്റിനുള്ളില്‍ എത്തിച്ചുകൊണ്ടിരുന്നു. പിന്നീടുള്ള 15 ആഴ്ചകളില്‍ സാന്ദ്രയുടെ ശരീരത്തിലും മാറ്റങ്ങള്‍ വന്നു. വയറു വലുതാകുകയും സ്തനങ്ങള്‍ക്ക് മുഴുപ്പുവെക്കുകയും ചെയ്തു.
ലിസ്‌ബണിലെ സാന്‍ഹോസ് ആശുപത്രിയിലെ ജീവനക്കാര്‍ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ കരുതി. സാന്ദ്രയുടെ വയറ്റില്‍ ഉഴിഞ്ഞുകൊടുത്തും പാട്ടുകള്‍ പാടിയും അവര്‍ കുഞ്ഞിന് അമ്മമാരായി. കാത്തിരിപ്പിനൊടുവില്‍ 107 ദിവസത്തിനുശേഷം സിസേറിയനിലൂടെ കുഞ്ഞിനെ അവര്‍ പുറത്തെടുത്തു.
ജൂൺ ഏഴിനായിരുന്നു അത്ഭുത ജനനം സാധാരണ കുഞ്ഞുങ്ങളെപ്പോലെ വളര്‍ച്ചയുള്ള കുഞ്ഞായി അപ്പോഴേക്കും ലോറന്‍കോ മാറിയിരുന്നു. എന്നാല്‍, കുഞ്ഞിന്റെ ജനനത്തിലുള്ള സന്തോഷം ആശുപത്രി ജീവനക്കാര്‍ക്ക് ആഘോഷിക്കാനായില്‍ലെന്ന് മാത്രം. ലോറന്‍കോയുടെ വരവറിയാതെ 107 ദിവസം ജീവച്ഛവമായി കഴിഞ്ഞ സാന്ദ്രയുടെ ശരീരത്തിന് ലോകം വിട്ടുപോകാന്‍ സമയമായിരുന്നു. വെന്റിലേറ്റര്‍ ഓഫ് ചെയ്ത് ഡോക്ടര്‍മാര്‍ അവരെ യാത്രയാക്കി.
Courtesy : Web