കുട്ടികള്‍ക്ക് ഏറ്റവും പ്രിയമുള്ള ചോക്കളേറ്റ് ക്രീം ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് ക്യാന്‍സറിന് കാരണമാകുമെന്ന റിപ്പോര്‍ട്ട്. പാമോയിലാണ് ന്യൂട്ടെല്ലയിലെ അടിസ്ഥാന ഘടകം. കൂടുതല്‍ കാലം കേടാകാതെ നില്‍ക്കുന്നതിനും മൃദുത്വത്തിനും വേണ്ടിയാണ് പാമോയില്‍ ഉപയോഗിച്ചിട്ടുള്ളത്. പാമോയില്‍ കാന്‍സറിന് കാരണമാകുമെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അഥോറിറ്റി വ്യക്തമാക്കുന്നു. പാമോയില്‍ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.
200 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂടാക്കിയാല്‍ മാത്രമേ പാമോയില്‍ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാനാവൂ. അതിന്റെ ചുവപ്പുനിറവും മണവും പോകണമെങ്കില്‍ ഇത്രയും കൂടിയ ഊഷ്മാവില്‍ ശുദ്ധീകരിക്കേണ്ടിവരും. ഇത്രയും ചൂടാക്കുമ്പോള്‍ അപകടകാരിയ ഗ്ലൈസിഡില്‍ ഫാറ്റി ആസിഡ് അതില്‍ ഉദ്പാദിക്കപ്പെടുമെന്ന് യൂറോപ്യന്‍ ഫുഡ് അഥോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഉപഘടകമായ ഗ്ലിസിഡോള്‍ കാന്‍സറിന് കാരണമാകുന്ന വസ്തുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, വിപണിയിലെ ഏറ്റവും വിലകുറഞ്ഞ എണ്ണയായ പാമോയില്‍ ഉപയോഗിക്കുന്നതു വഴിയുള്ള കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉദ്പാദകരുടെ ലക്ഷ്യമെന്നതാണ് യാഥാര്‍ഥ്യം. മറ്റ് എണ്ണകള്‍ ഉപയോഗിക്കുകയാണെങ്കില്‍ എട്ടുമുതല്‍ 22 മില്യണ്‍ ഡോളര്‍വരെ വര്‍ഷം ഫെരേരോയ്ക്ക് നഷ്ടമാകും. പാമോയില്‍ ഇല്ലാതെ ന്യൂട്ടെല്ല നിര്‍മ്മിക്കുന്നത് മറ്റേതെങ്കിലും ചോക്കളേറ്റ് ക്രീം നിര്‍മ്മിക്കുന്നതിന് തുല്യമാകുമെന്ന് ന്യൂട്ടെല്ലയുടെ മാര്‍ക്കറ്റിങ് മാനേജര്‍ വിന്‍സെന്‍സോ ടാപ്പെല്ല പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം ന്യൂട്ടെല്ലയുടെ നിര്‍മ്മാതാക്കളായ ഫെരേരോ ഇതിനെതിരെ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. പാമോയിലിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമാകില്ലെന്ന് ഫെരോരോ പറയുന്നു. പാമോയില്‍ ഇല്ലെങ്കില്‍ ന്യൂട്ടെല്ലയുടെ രുചിയും ഗുണവും ഇപ്പോഴത്തേതുപോലെയുണ്ടാകില്ലെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.