വലിയ കാൻവാസിലെ കഥ പറച്ചിലും ദൃശ്യാവിഷ്ക്കാരത്തിലെ നിറപ്പകിട്ടും സഞ്ജയ് ലീലാ ബൻസാലി സിനിമകളുടെ പ്രത്യേകതയാണ്. കൊട്ടാരക്കെട്ടുകളും പ്രണയവും വിരഹവുമൊക്കെ ഇഷ്ട വിഷയങ്ങളെന്ന പോലെ പലയാവർത്തി അദ്ദേഹത്തിന്റെ സിനിമകളിൽ കടന്നു വന്നിട്ടുണ്ട്. ‘ഖാമോഷി’ യിൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംവിധാന പ്രയാണം ‘പദ്മാവത്’ വരെ എത്തിനിൽക്കുമ്പോഴും പ്രേക്ഷകർക്ക് ഒരിടത്തും നെറ്റി ചുളിക്കേണ്ടി വന്ന ഒരു സിനിമാ ആസ്വാദനാനുഭവം ഓർത്തു പറയാൻ സാധിക്കില്ല. അത് തന്നെയാണ് സഞ്ജയ് ലീല ബൻസാലി എന്ന സംവിധായകന് ഇന്ത്യൻ സിനിമാ ലോകം നൽകുന്ന ആദരവും ബഹുമാനവും. സൽമാൻ ഖാനും, അജയ് ദേവ്ഗണും, ഐശ്വര്യാ റായിയും, ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും റാണി മുഖർജിയും ഹൃതിക് റോഷനും അടക്കമുള്ള മുൻ നിര താരങ്ങളെ വച്ച് സിനിമ ചെയ്തപ്പോഴും രൺബീർ കപൂറിനേയും സോനം കപൂറിനേയുമൊക്കെ പുതുമുഖ താരങ്ങളായി പരിചയപ്പെടുത്തി സിനിമ ചെയ്തപ്പോഴുമൊന്നും ഉണ്ടായിട്ടില്ലാത്ത ഒരു സിനിമാ രസതന്ത്രമായിരുന്നു പിന്നീട് രൺവീർ സിംഗും ദീപിക പദുക്കോണുമായി സിനിമ ചെയ്തപ്പോൾ ഉണ്ടായതെന്ന് പറയേണ്ടി വരുന്നു. ഈ മൂന്നു പേരുടെയും കോമ്പോ നൽകുന്ന ഒരു എനർജി സഞ്ജയ് ലീലയുടെ മുൻകാല സിനിമകളിൽ നിന്ന് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഗോലിയോം കീ രാസലീലാ -രാമലീല യിൽ തുടങ്ങി വച്ച ആ കോമ്പോ ഇപ്പോൾ പദ്മാവ്തിൽ വീണ്ടും കാണുമ്പോഴും നേരത്തെ പറഞ്ഞ ആ എനർജി കൂട്ടിയിട്ടേയുള്ളൂ എന്ന് തന്നെ പറയാം.
വിവാദങ്ങൾക്കപ്പുറം ‘പദ്മാവത്’ എന്ന സിനിമ പ്രേക്ഷകരെ സംബന്ധിച്ച് വിശാലമായ ഒരു ചരിത്ര വായനക്ക് അവസരം നൽകുന്നുണ്ട്. 1540-41 കളിൽ മാലിക് മുഹമ്മദ് ജയാസി രചിച്ച ‘പദ്മാവതാ’ണ് സഞ്ജയ് ലീലാ ബൻസാലിയുടെ സിനിമക്ക് ആധാരമെങ്കിലും സിനിമ പൂർണ്ണമായും ആ കഥയെയല്ല പിന്തുടരുന്നത്. മാലിക് മുഹമ്മദിന്റെ കവിതയിലെ ‘പദ്മാവതി’ക്ക് ചരിത്രപരമായ ആധികാരികതകൾ ഇല്ല എന്ന് ചരിത്രകാരന്മാർ പറയുന്നു. മാലിക്ക് മുഹമ്മദിനെ കുറിച്ചുള്ള വിവരങ്ങൾ പോലും എത്രത്തോളം സത്യമാണ് എന്ന് ഉറപ്പിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. പേരിനോടൊപ്പമുള്ള ജയാസിയെ കണക്കിലെടുത്തു കൊണ്ടാണ് ഇന്നത്തെ ഉത്തർ പ്രദേശിലുള്ള പ്രധാന സൂഫി കേന്ദ്രമായിരുന്ന ജയാസിയിലാണ് അദ്ദേഹത്തിന്റെ ജനനം എന്ന് അനുമാനിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഐതിഹ്യ കഥകളിലൂടെ കേട്ടറിഞ്ഞ മാലിക് മുഹമ്മദ് ജയാസിയുടെ ജീവിതവും അദ്ദേഹം എഴുതിയ ‘പദ്മാവതും’ ഒരു പോലെ അർദ്ധ സത്യങ്ങളും ഭാവനകളും ഊഹങ്ങളും കൊണ്ട് നിർമ്മിതമാണ്. എന്ത് തന്നെയായാലും 1500 കളിൽ ജീവിച്ച അദ്ദേഹം 1300 കളിലെ ചരിത്രത്തെ അതേ പടി പകർത്തി കൊണ്ടല്ല ‘പദ്മാവത്’ രചിച്ചത് എന്ന കാര്യം ഉറപ്പാണ്. അലാവുദ്ധീൻ ഖിൽജിയുടെ ചിത്തോർ ആക്രമണം ചരിത്രപരമായ സത്യമായി നിലനിൽക്കുമ്പോഴും പദ്മാവതിക്ക് വേണ്ടിയൊരു യുദ്ധമോ ആക്രമണമോ ഉണ്ടായതായി ചരിത്രം പറയുന്നില്ല. അലാവുദ്ധീൻ ഖിൽജി രാജസ്ഥാനിലെ ചിത്തോർഗഡ് കോട്ട ആക്രമിക്കുന്നത് 1303 ലാണ്. ആ കാലത്ത് മേവാഡ് ഭരിച്ചിരുന്ന രജപുത്ര രാജാവ് രത്തൻസിംഹ ആയിരുന്നു. അലാവുദ്ധീൻ ഖിൽജിയുടെ പടയോട്ടത്തിൽ രത്തൻ സിംഹയുടെ ഭാര്യ റാണി പദ്മിനിയടക്കം അനേകമായിരം രജപുത്ര സ്ത്രീകൾ കൊല്ലപ്പെടുകയും രത്തൻ സിംഹ അലാവുദ്ധീൻ ഖിൽജിക്ക് കീഴടങ്ങുകയും ചെയ്തു എന്ന് ചരിത്രം പറയുമ്പോഴും ജൗഹർ അനുഷ്‌ഠിച്ചു കൊണ്ടാണ് റാണി പദ്മിനിയും കൂട്ടരും മരണം വരിച്ചത് എന്നത് സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നു.
മാലിക് മുഹമ്മദിന്റെ ‘പദ്മാവതി’ൽ രത്തൻ സിംഹ രത്തൻ സിങ്ങായും, റാണി പദ്മിനി പദ്‌മവാതിയായും പേര് മാറി അവതരിപ്പിക്കപ്പെടുമ്പോഴും അലാവുദ്ധീൻ ഖിൽജിയടക്കം മറ്റു പലരും അതേ പേരിൽ തന്നെ അവതരിപ്പിക്കപ്പെടുന്നു. ശ്രീലങ്കൻ രാജാവിന്റെ മകളായ റാണി പത്മിനിയും ഹീരാമൻ എന്ന പേരുള്ള സംസാരിക്കുന്ന തത്തയും തമ്മിലുള്ള സൗഹൃദം ഇഷ്ടപ്പെടാത്ത രാജാവ് തത്തയെ കൊല്ലാൻ ഉത്തരവിടുകയും ആ തത്ത പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു വേടന്റെ കൈയ്യിലെത്തുകയും അയാൾ അതിനെ ഒരു ബ്രാഹ്മിണന് കൊടുക്കുകയും ബ്രാഹ്മിണൻ അതിനെ ചിത്തോറിലേക്ക് കൊണ്ട് പോയി രത്തൻ സിംഹക്ക് സമ്മാനിക്കുകയും ചെയ്യുമ്പോഴാണ് രത്തൻ സിംഹ സുന്ദരിയായ പദ്മാവതിയെ കുറിച്ച് കേട്ടറിയുകയും അവരെ കാണാൻ വേണ്ടി ശ്രീലങ്കയിലേക്ക് പോകുകയും പിന്നീട് വിവാഹം ചെയ്യുകയുമൊക്കെ ചെയ്യുന്നത് എന്നാണ് മാലിക്ക് മുഹമ്മദിന്റെ ‘പദ്മാവതി’ൽ പറയുന്ന കഥ. ഇതിനെ പാടെ ഒഴിവാക്കി കൊണ്ട് മറ്റൊരു വിധത്തിലാണ് സഞ്ജയ് ലീലാ ബൻസാലി തന്റെ സിനിമയിൽ രത്തൻ സിംഗിന്റെയും പദ്മാവതിയുടെയും പ്രണയത്തെ ആവിഷ്‌കരിച്ചിരിക്കുന്നത്. അത് പോലെ തന്നെ മാലിക്കിന്റെ കഥയിൽ രത്തൻ സിംഗ് കൊല്ലപ്പെടുന്നത് കുംഭൽഗഡ്‌ലെ രാജാവായ ദേവപാലുമായുള്ള യുദ്ധത്തിലാണ്. ഇദ്ദേഹത്തിന്റെ മരണ ശേഷമാണ് അലാവുദ്ധീൻ ഖിൽജി കോട്ട ആക്രമിക്കുന്നതും പദ്മാവതിയും കൂട്ടരും ജൗഹർ അനുഷ്ഠിക്കുന്നതും. എന്നാൽ സിനിമയിൽ അത് രത്തൻ സിംഗും അലാവുദ്ധീൻ ഖിൽജിയും തമ്മിലുള്ള ഒരു യുദ്ധമാക്കി മാറ്റിയിട്ടുണ്ട്. ഇപ്പറഞ്ഞ പല കാര്യങ്ങൾ കൊണ്ടും സഞ്ജയ് ലീല ബൻസാലിയുടെ ‘പദ്മാവത്’ മാലിക്ക് മുഹമ്മദ് ജയാസിയുടെ കൃതിയിൽ നിന്നും ചരിത്രത്തിൽ നിന്നുമൊക്കെ വിട്ടു മാറി മറ്റൊരു സ്വന്തന്ത്ര കലാ സൃഷ്ടിയായി മാറുകയാണ് സ്‌ക്രീനിൽ.
കഥാപരമായി ദീപികയുടെ ടൈറ്റിൽ കഥാപാത്രമായ പദ്‌മവതിയുടേതാണ് സിനിമയെങ്കിൽ പ്രകടനം കൊണ്ട് രൺവീറിന്റെ അലാവുദ്ധീൻ ഖിൽജിയുടേതുമാണ് ‘പദ്മാവത്’. ആ നിലക്കായിരുന്നു രൺവീറിന്റെ ഓരോ പ്രകടനങ്ങളും മികച്ചു നിന്നത്. സ്‌ക്രീൻ പ്രസൻസിലും ആ പെരുമ കാണാവുന്നതാണ്. ഒരേ സമയം സംഭാഷണങ്ങൾ കൊണ്ടും വന്യ ഭാവങ്ങൾ കൊണ്ടും നായികാ നായകന്മാരെക്കാൾ വില്ലൻ ശോഭിച്ചു നിന്ന ഒരു സിനിമ കൂടിയാണിത്. ആകാരവും ശബ്ദവും ഒരു രാജാവിനോളം പോന്ന ഒന്നല്ലാതിരുന്നിട്ടും രത്തൻ സിംഗിന്റെ കഥാപാത്രത്തെ തന്നെ കൊണ്ടാകും പോലെ ഭംഗിയാക്കാൻ ഷാഹിദ് കപൂർ ശ്രമിച്ചിട്ടുണ്ട്. ദീപികയെ സംബന്ധിച്ച് ബാജിറാവോ മസ്താനിയിൽ നിന്ന് പത്മാവതിയെ വ്യത്യസ്തമാക്കും വിധമുള്ള പ്രകടന സാധ്യതകൾ ഇല്ലായിരുന്നു എന്ന് പറയേണ്ടി വരും. ഒരു റാണിയുടെ ധൈര്യവും ചടുലതയും നിറ കണ്ണുകളോടെയുള്ള വൈകാരിക പ്രകടനങ്ങളും ഗൗരവമാർന്ന സംഭാഷങ്ങളുമൊക്കെ തന്നെ മസ്താനിയായുള്ള മുൻ സിനിമയിൽ നിന്നും പത്മാവതിയിലേക്കും കടമെടുത്ത പ്രതീതി തോന്നിയെങ്കിലും പദ്മാവതിയുടെ കഥാപാത്രം സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും ദീപിക പദുക്കോണിൽ ഭദ്രമായിരുന്നു എന്നതിൽ തർക്കമില്ല.
ആകെ മൊത്തം ടോട്ടൽ = എന്നത്തേയും പോലെ നിറങ്ങൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും മനോഹരമായ ഒരു സഞ്ജയ് ലീല ബൻസാലി സിനിമ. വിവാദങ്ങൾ ഈ സിനിമയുടെ മാർക്കറ്റിങ്ങിന് ഉപകാരമായി എന്നതിനപ്പുറം ഒന്നും തന്നെ ഈ സിനിമയെ ബാധിച്ചില്ല. ചരിത്രപരമായ തർക്കങ്ങൾ നിലനിൽക്കുന്ന പല വിഷയങ്ങളിലും തന്റേതായ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഒരു കലാകാരനെന്ന നിലയിൽ സംവിധായകനും കൂട്ടരും ഉപയോഗിച്ചിട്ടുണ്ട്. അതൊരു മഹാ അപാരാധമായി കാണാതെ കണ്ടാൽ വിമർശകർക്ക് പോലും ഇഷ്ടപ്പെടുന്ന സിനിമാ സൃഷ്ടി തന്നെയാണ് പദ്‌മവാത്. മനസ്സിൽ നിന്ന് മായാതെ നിക്കുന്ന മനോഹരമായ പാട്ടുകളും നൃത്തങ്ങളും. ബാജിറാവോ മസ്താനി സിനിമയിലെ അതേ ടീമുകൾ പദ്മാവതിയിലും ഒരുമിച്ചത് കൊണ്ടാകാം പല സീനുകളിലും ബാജിറാവോ മസ്താനിയുടെ സമാനതകൾ കാണാൻ സാധിക്കും. സഞ്ജയ് ലീല -പ്രകാശ് ആർ കാപ്ഡിയ ടീമിന്റെ സ്ക്രിപ്റ്റും സുദീപ് ചാറ്റർജിയുടെ ഛായാഗ്രഹണവും തന്നെയാകാം അതിന്റെ പ്രധാന കാരണം.പദ്‌മവത് ഒരു മികച്ച സിനിമാ കാഴ്ചയാണ് എന്ന് സമ്മതിക്കുമ്പോഴും രൺവീർ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ എന്താകുമായിരുന്നു എന്നും ചിന്തിച്ചു പോകുന്നുണ്ട്.
Originally Published in സിനിമാ വിചാരണ
ലേഖകന്‍റെ ബ്ലോഗ് ഇവിടെ വായിക്കാം