ഇനി പോസ്റ്റ് ഓഫിസുകള്‍ വഴിയും പാസ്‌പോര്‍ട്ട് ലഭിക്കും

0

ഇനി പോസ്റ്റ് ഓഫിസുകള്‍ വഴി പാസ്‌പോര്‍ട്ട് ലഭിക്കും. രാജ്യത്തെ ഹെഡ്‌പോസ്റ്റ് ഓഫിസുകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പരിഗണിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പാസ്‌പോര്‍ട്ട് നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യമന്ത്രാലയവും പോസ്റ്റല്‍ വകുപ്പും കൈകോര്‍ത്താണു പുതിയ പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്തെ ഹെഡ്‌പോസ്റ്റ് ഓഫിസുകള്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. മൈസൂരിലും ഗുജറാത്തിലെ ദഹോദിലും ഈ സംയുക്തപദ്ധതിക്ക് ഇന്നു തുടക്കം കുറിക്കും. ഘട്ടംഘട്ടമായി രാജ്യത്തെ എല്ലാ ഹെഡ്‌പോസ്റ്റ് ഓഫിസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

പാസ്‌പോര്‍ട്ട് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഇനി മുന്‍കൂട്ടി സമയം വാങ്ങി പോസ്റ്റ് ഓഫീസിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പാസ്‌പോര്‍ട്ട് ഓഫീസുകളില്‍നിന്ന് ഏറെ ദൂരത്തു കഴിയുന്ന ആളുകള്‍ക്കും വേഗത്തില്‍ സേവനങ്ങള്‍ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കൂടുതല്‍ വേഗത്തില്‍ സുതാര്യമായി പോസ്റ്റ് ഓഫിസുകള്‍ വഴി സേവനം ലഭ്യമാക്കും.