ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ച് കൂട്ടാനാണെങ്കിൽ രാജുമോൻ ഓർക്കണം’: പൃഥ്വിയുടെ സിനിമയ്ക്കു മുന്നറിയിപ്പ്

0

പൃഥ്വിരാജും ബേസിൽ ജോസഫും ഒരുമിക്കുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിനെതിരെ ഭീ‌ഷണിയുമായി രാജ്യാന്തര വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥ്. ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയംകുന്നനെ ഓർത്താൽ മതിയെന്നാണ് പ്രതീഷ് വിശ്വനാഥിന്റെ മുന്നറിയിപ്പ്.

‘‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന പേരാണ് പ്രതീഷ് വിശ്വനാഥിനെ പ്രകോപിപ്പിച്ചത്. ‘ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി’’ എന്ന ഭീഷണിയാണ് പ്രതീഷ് ഫെയ്സ്ബുക്കിലൂടെ ഉയര്‍ത്തിയത്. അതേസമയം മലയാള സിനിമാക്കാർക്ക് ദിശാബോധം ഉണ്ടാക്കാൻ നടൻ ഉണ്ണി മുകുന്ദന കഴിയുന്നുണ്ടെന്ന് വ്യക്തമായതായും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. ‘ഉണ്ണി മുകുന്ദന്‍’, ‘മാളികപ്പുറം’ എന്നീ ഹാഷ് ടാഗുകളും പ്രതീഷ് വിശ്വനാഥ് കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

പ്രതീഷ് വിശ്വനാഥിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്:
മലയാള സിനിമാക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി. എന്നാൽ ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി.

ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’. പൃഥ്വിരാജ് ബേസിൽ കോംബോ എന്ന പ്രത്യേകത കാരണം തന്നെ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുന്നത്. ‘ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്. ‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സാണ് നിര്‍മിക്കുന്നത്.