കടലിനു നടുവിലായി പച്ചപ്പ് നിറഞ്ഞൊരു മനോഹരമായ ദ്വീപ് . മനുഷ്യവാസം ഒട്ടുമേ ഇല്ല.എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഇവിടേക്ക് ഒരു വിനോദ യാത്ര പോകാന്‍ മനസില്‍ എവിടെയെങ്കിലും ഒരു മോഹം തോന്നിയാല്‍ ഇനി പറയാന്‍ പോകുന്നത് കൂടി കേട്ടോളൂ .
ഓരോ പത്തു അടിയിലും ഈ ദ്വീപില്‍ ഒരു വിഷ പാമ്പ് ഉണ്ടാകും .വിഷം എന്ന് പറഞ്ഞാല്‍ കൊടും വിഷം .ഒരു കടിയേറ്റാല്‍ പിന്നെ ആശുപത്രിയില്‍ ഒന്നും പോകേണ്ടി വരില്ല എന്ന് സാരം . കൊടും വിഷമൂതി ആകാശത്തിലൂടെ പറക്കുന്ന പറവകളെ പോലും കൊല്ലുന്ന ആയിരക്കണക്കിനു ഭീകരന്‍ പാമ്പുകള്‍ നിറഞ്ഞ ഒരു ദ്വീപാണ് ഇത് .ബ്രസീലിലെ സാവോ പോളോയില്‍ നിന്ന് ഏതാണ്ടു മുപ്പത്തിരണ്ടു കിലോമീറ്റര്‍ ദൂരം മാത്രം.. ഇല്‍ഹ ദി ക്വയ്മദ ഗ്രാന്‍റ് എന്നാണ് ഈ പ്രദേശത്തിന്റെ പേര് .വിഷപ്പാമ്പുകളായ ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് വൈപ്പറുകള്‍ എന്ന ഇനത്തില്‍പ്പെട്ട പാമ്പുകളാണു ദ്വീപില്‍ ഏറെയും.
ഇവിടേക്കുള്ള സഞ്ചാരം ബ്രസീലില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട് . എന്നാല്‍ ഓരോ വര്‍ഷവും വളരെ കുറച്ചു ശാസ്ത്രജ്ഞര്‍ ദ്വീപിലെത്താറുണ്ട്. പാമ്പുകളെ കുറിച്ചു പഠനം നടത്തുന്നതിനു വേണ്ടിയാണിത്. അപൂര്‍വമായി ബ്രസീലിലെ നേവിക്കാരും ഇവിടെ സന്ദര്‍ശിക്കാറുണ്ട്.
4600000 സ്ക്വയര്‍ഫീറ്റ് ചുറ്റളവില്‍ വിശാലമായ ദ്വീപാണിത്. സ്വര്‍ണനിറവും കറുപ്പും നിറവും കലര്‍ന്ന ലാന്‍സ്ഹെഡ് പാമ്പുകള്‍(Bothrops insularis) കാണപ്പെടുന്ന ഭൂമിയിലെ ഒരേയൊരിടമാണിത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള പാമ്പുകളുടെ കൂട്ടത്തില്‍പ്പെട്ടതാണിതെന്ന പ്രത്യേകതയുമുണ്ട് ലാന്‍സ്ഹെഡിന്.സാധാരണ പാമ്പുകളെക്കാള്‍ അഞ്ചിരട്ടി വിഷമാണു ഇവയ്ക്കുള്ളത്.
പാമ്പിന്‍വിഷത്തിനു കരിഞ്ചന്തയില്‍ വലിയ ഡിമാന്‍ഡ് ആണ് .അത് കൊണ്ട് തന്നെ ഗവണ്മെന്റ് അറിയാതെ അനധികൃതമായി എവിടെ ആളുകള്‍ എത്താറുണ്ട് .ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് പാമ്പുകളുടെ വിഷത്തിനു വിപണിയില്‍ നല്ല വിലയാണ്. കരിഞ്ചന്തയില്‍ ഇരുപതു ലക്ഷം വരെ ഇതിനു വില ലഭിക്കും.വിഷപാമ്പുകളുടെ ഉപദ്രവത്തെ പോലും അവഗണിച്ചാണ് മോഷ്ടാക്കള്‍ പാമ്പുകളെ കൊന്നു വിഷമെടുക്കാനെത്തുന്നത്.നല്ല പ്രാഗത്ഭ്യം ഉള്ള പാമ്പ് പിടുത്തക്കാര്‍ക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ എന്ന് മാത്രം .കടലിനു നടുവിലായുള്ള ഈ ദ്വീപില്‍ എങ്ങനെ ഇത്ര കൊടിയ വിഷമുള്ള പാമ്പുകള്‍ എത്തി എന്നത് ഒരു കൌതുകമാണ് .