ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ: ബാങ്കുകൾക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി; നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ്
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വർധിക്കുന്നതിൽ ആശങ്കയും അത്ഭുതവും പ്രകടിപ്പിച്ച് സുപ്രീംകോടതി. ഫോൺ കോളിലൂടെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാർക്ക് ആളുകൾ എങ്ങനെയാണ് വിശ്വാസ്യത നൽകുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു. തുടർച്ചയായ ബോധവത്കരണവും മാധ്യമവാർത്തകളും ഉണ്ടായിട്ടും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത് എന്തുകൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു. (Supreme Court digital arrest scam warning)
സംശയാസ്പദമായ വലിയ സാമ്പത്തിക ഇടപാടുകൾ തടയാൻ ബാങ്കുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ബാങ്കുകളുടെ സുരക്ഷാവീഴ്ച മൂലം പണം നഷ്ടപ്പെട്ടാൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാങ്കുകളെ നിർബന്ധിക്കുന്ന നിയമം കൊണ്ടുവരേണ്ടിവരുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർ വിചാരണ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. സംശയകരമായ ഇടപാടുകൾ തടയാനുള്ള സാങ്കേതിക സംവിധാനങ്ങൾ ബാങ്കുകൾക്കില്ലാത്തതിനെ കോടതി വിമർശിക്കുകയും ചെയ്തു.
സാധാരണ ഇടപാടുകളിൽനിന്ന് വ്യത്യസ്തമായ വലിയ തുകയുടെ കൈമാറ്റങ്ങൾ നടക്കുമ്പോൾ അവ തടയാൻ ബാങ്കുകൾക്ക് കഴിയാത്തത് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോയെന്ന സംശയവും ഉയർത്തുന്നതായി കോടതി നിരീക്ഷിച്ചു. അസാധാരണമായ ഇടപാടുകൾ ഉടൻ തടയുക, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കുക, ആവശ്യമായ പരിശോധനകൾ നടത്തുക തുടങ്ങിയ നടപടികൾ റിസർവ് ബാങ്ക് പരിഗണിക്കണമെന്നും നിർദേശിച്ചു. ഫോൺ കോളിലൂടെ അറസ്റ്റ് ഭീഷണി ഉയർന്നാൽ അതിൽ വിശ്വസിക്കരുതെന്ന സന്ദേശവും കോടതി നൽകി. ഭീഷണി കേട്ട് പരിഭ്രാന്തരാകുന്നതിനുപകരം ഫോൺ ബന്ധം അവസാനിപ്പിച്ച് ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളിലൂടെ വിവരങ്ങൾ പരിശോധിക്കുകയാണ് വേണ്ടത്. ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ തട്ടിപ്പുകാർ നടത്തുന്ന ഭീഷണികൾക്ക് നിയമപരമായ അധികാരമില്ലെന്ന കാര്യം പൊതുജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. റിസർവ് ബാങ്കിന്റെ പുതിയ ‘കെവൈസി അറ്റൻഡ്മെന്റ് ഡയറക്ഷൻസ്, 2026’ നവംബർ 30നകം വിജ്ഞാപനം ചെയ്ത് ഡിസംബറിൽ നടപ്പാക്കാനും കോടതി നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ഹാജരായി.