നോട്ട് നിരോധനം ചട്ടങ്ങൾ അനുസരിച്ചോ? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്

0

ന്യൂഡൽഹി: 2016 ലെ കേന്ദ്രസർക്കാരിന്‍റെ നോട്ട് നിരോധന നടപടി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസ് അബ്ദുൾ നസീറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ നിർണായക വിധി പുറപ്പെടുവിക്കുക.

ജസ്റ്റിസുമാരായ ബിആർ ഗവായി, എഎസ് ബൊപ്പണ, വി രാമസുബ്രഹ്മണ്യൻ, ബിവി നാഗരത്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. നോട്ട് നിരോധിക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവും ആണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. തീരുമാനം റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണോ എന്ന നിയമപ്രശ്നമാണ് കോടതി പരിശോധിച്ചത്. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഡിസംബർ 7 ന് കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും കോടതി നിർദേശം നൽകിയിരുന്നു.

നോട്ട് നിരോധനം ഒരു സാമ്പത്തിക നയമാണ് എന്നതു കൊണ്ട് കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്ന് വാദത്തിനിടെ ഭരണഘടന ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തീർത്തും അപ്രതീക്ഷിതമായി 500,1000 രൂപ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്.