തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമ്മൂട് എന്ന കൊച്ചു ഗ്രാമം ആഘോഷ തിമിര്‍പ്പിലാണ്. അധികമാരും കേട്ടിട്ടില്ലാത്ത ഈ ഗ്രാമത്തിനെ മലയാളികള്‍ക്ക് മുഴുവന്‍ പരിചയപ്പെടുത്തി കൊടുത്ത ഒരു കലാകാരന്‍റെ പേരിനൊപ്പം കേട്ട ഈ സ്ഥലം ഇന്ന് ഭാരതത്തിന്‍റെ വാര്‍ത്താ മാധ്യമങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കയാണ്. അതിനു കാരണമായതും വെഞാറമൂടിന്‍റെ സ്വന്ത പുത്രനായ അതെ കലാകരനിലൂടെ എന്നത് ഈ സന്തോഷത്തിനു പല മടങ്ങ് മധുരം നല്‍കുന്നു.ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത "പേരറിയാത്തവന്‍" എന്ന സിനിമയിലെ അഭിനയ മികവാണ് സുരാജിന് അഭിനയത്തിന്‍റെ ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. പട്ടാളക്കാരനായി രാജ്യസേവനം ചെയ്യണമെന്ന തീവ്രമോഹവുമായി നടന്ന ഒരു ചെറുപ്പക്കാരന്‍, സൈക്കിളില്‍ നിന്ന് വീണു കൈ ഒടിഞ്ഞത് കൊണ്ട് പട്ടാളത്തിലേക്കുള്ള വഴി അടയുന്നു… ആ വഴിയിലേക്ക് മിമിക്രി താരമായിരുന്ന ജ്യേഷ്ടന്‍ പോന്നു…. പകരം ജ്യേഷ്ടന്‍ ഒഴിച്ചിട്ട മിമിക്രി വേദികള്‍ സുരാജിന് സ്വന്തമാവുന്നു…ഇത്തരം ആകസ്മികതകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കേരള എക്സ്പ്രസ്സില്‍ തിരുവനന്തപുരം സ്റ്റേഷനില്‍ വന്നിറങ്ങുന്ന ഒരു ഇന്ത്യന്‍ സൈനികനില്‍ നിന്നും സുരാജിന്‍റെ തലവര മാറ്റി എഴുതി മലയാള സിനിമയിലെ വിശാലമായ ലോകത്തേക്കുള്ള വഴി തുറക്കുകയാണുണ്ടായത്.
ഉത്സവ പറമ്പുകളിലെയും പള്ളി പെരുന്നാളുകളുടെയും സ്റ്റേജ് ഷോകളില്‍ നിന്നും ടെലിവിഷന്‍ ചാനലുകളുടെ കോമഡി ഷോകളില്‍ സാന്നിധ്യമറിയിച്ച സുരാജ് തിരുവനന്തപുരം ശൈലിയിലുള്ള തന്‍റെ സംസാരത്തിലൂടെയാണ് മലയാള മനസ്സില്‍ ചേക്കേറിയത്. ആദ്യകാലങ്ങളില്‍ ഈ ശൈലി കൊണ്ട് ഗുണം ഉണ്ടായെങ്കിലും സിനിമയില്‍ വന്നപ്പോള്‍ മറ്റു രീതിയിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നതിനു ഇതൊരു തടസ്സമായി മാറിയെന്നു പലപ്പോഴും സുരാജ് പറയാറുണ്ട്. എന്നാല്‍ ധൈര്യപൂര്‍വ്വം അദ്ദേഹത്തിന് വ്യത്യസ്തമായ വേഷങ്ങള്‍ നല്‍കാന്‍ തയ്യാറായി സംവിധായകര്‍ വന്നപ്പോള്‍ വെറുമൊരു ഹാസ്യ നടനില്‍ നിന്ന് സ്വഭാവ നടനിലെക്കും നായക വില്ലന്‍ വേഷങ്ങളിലേക്കും അവസരങ്ങള്‍ സുരാജിന് കൈവന്നു.
ഭാര്യ സുപ്രിയ, മക്കള്‍- കൃഷ്ണനന്തന്‍, വസുദേവ്, ഹൃദ്യ. കൃഷ്ണനന്തന്‍ അച്ഛന്‍റെ പാതയിലേക്കുള്ള ചുവട് വച്ച് കഴിഞ്ഞു. അണ്ണന്‍ തമ്പി, തേജാഭായ് & ഫാമിലി എന്നീ ചിത്രങ്ങളിലാണ് കൃഷ്ണനതന്‍ അഭിനയിച്ചത്.