മാന്ത്രികനായ തമ്പി കണ്ണന്താനം

0

1980 കാലങ്ങളിൽ മോഹൻലാലിന് ബ്രേക്ക് കൊടുത്തതും തൊണ്ണൂറുകളിൽ അദ്ദേഹത്തിന്റെ  ഹിറ്റായതുമായ  സിനിമകൾ എടുത്തു നോക്കിയാൽ അതിൽ തമ്പി കണ്ണന്താനത്തിന്റേതായി കാണാവുന്ന ചില സിനിമകളുണ്ട് ..’രാജാവിന്റെ മകൻ’ തൊട്ട്  ‘വഴിയോര കാഴ്ചകൾ’, ‘ഭൂമിയിലെ രാജാക്കന്മാർ’, ‘ഇന്ദ്രജാലം’, ‘നാടോടി’, ‘മാന്ത്രികം’ വരെ നീണ്ടു നിന്ന വിജയത്തിന്റെ കൂട്ട് കെട്ട് …നടന്മാരിൽ മോഹൻ ലാലിനോടൊപ്പമെന്ന  പോലെ തിരക്കഥാകൃത്തുക്കളിൽ  ഡെന്നിസ് ജോസഫിനൊപ്പമുള്ളതാണ്  തമ്പി കണ്ണന്താനത്തിന്റെ പ്രധാന  ഹിറ്റ് സിനിമകൾ ..മലയാളത്തിന് വിനായകനെന്ന നടനെ പരിചയപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ‘മാന്ത്രികം’ സിനിമയിലൂടെയാണ് എന്നതും ശ്രദ്ധേയമാണ്

Mohanlal in “Raajavinte Makan”

ജോഷിയുടെ സംവിധാന സഹായിയായി സിനിമാ ലോകത്തേക്ക് എത്തിയ തമ്പി കണ്ണന്താനം 1983 ൽ ‘താവളം’ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ആ സിനിമയിലും മോഹൻ ലാൽ പ്രധാന വേഷത്തിലുണ്ടായിരുന്നു. ആദ്യ സിനിമ ചെയ്ത അതേ വർഷം തന്നെ നസീർ-മധു എന്നിവരെ നായകരാക്കി ‘പാസ്പോർട്ട്’ എന്ന സിനിമയും ചെയ്തിരുന്നു. 1985 ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘ആ നേരം അൽപ്പ ദൂര’ത്തിലൂടെയാണ് സിദ്ദീഖ് മലയാള സിനിമയിലേക്ക് എത്തുന്നത്. ഡെന്നീസ് ജോസഫുമായുള്ള കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം വിജയത്തിന്റേതായി മാറിയ ആ കാലത്തും തമ്പി കണ്ണന്താനം സ്വന്തം തിരക്കഥകളെയും അഭ്രപാളിയിലെത്തിച്ചു. കൊച്ചിൻ ഹനീഫയുടെ തിരക്കഥയിൽ ജയറാമിനെ നായകനാക്കി ‘പുതിയ കരുക്കൾ’ സംവിധാനം ചെയ്യുന്നത് 1989 ലാണ്. ഇന്ദ്രജാലത്തിനു ശേഷം 1990 കളിൽ ബാബു പല്ലശ്ശേരി, ടി എ റസാഖ്, രാജേന്ദ്ര ബാബു എന്നിവരുടെ തിരക്കഥകളിലൂടെയാണ് സിനിമയിൽ സജീവമായി തുടർന്നത്. ഇക്കാലയളവിൽ തന്നെ പല സിനിമകളിലും അദ്ദേഹത്തെ ഒരു നടനായും  കാണാൻ സാധിച്ചിരുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം 2001 ൽ ‘ഒന്നാമ’നും, 2004 ൽ  ‘ഫ്രീഡ’വുമൊക്കെയായി ഒരു തിരിച്ചു വരവിനു ശ്രമിച്ചിരുന്നെങ്കിലും പരാജയങ്ങളെ തുടർന്ന്  സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു അദ്ദേഹം.

കള്ളക്കടത്തുകാരെ  വില്ലന്മാരായി മാത്രം അവതരിപ്പിച്ചിരുന്ന ഒരു കാലത്ത് ഐ വി ശശിയുടെ അതിരാത്രത്തിലെ താരാദാസിന് ശേഷം വിപ്ലവം സൃഷ്ടിച്ച മറ്റൊരു നായക കഥാപാത്രമായിരുന്നു രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ് എന്ന അധോലോക നായകൻ ..അത് പോലെ തന്നെ അക്കാലത്ത് കാണാൻ കിട്ടിയിട്ടില്ലാത്ത വിധത്തിലുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറായിരുന്നു ഭൂമിയിലെ രാജാക്കന്മാർ ..അത് കൊണ്ട് തന്നെ ഹിറ്റുകളും ഫ്ലോപ്പുകളും ഉള്ള അദ്ദേഹത്തിന്റെ കരിയറിൽ രാജാവിന്റെ മകനും , ഭൂമിയിലെ രാജാക്കന്മാരും തലയെടുപ്പോട് കൂടെ തന്നെ വേറിട്ട് നിൽക്കുന്നു..

ലേഖകന്‍റെ ബ്ലോഗ്‌ ഇവിടെ വായിക്കാം