സ്വദേശിവത്കരണം; ഈ അദ്ധ്യയന വര്‍ഷം അവസാനിക്കുന്നതോടെ 1875 അധ്യാപകരെ പിരിച്ചുവിടാന്‍ നിര്‍ദേശം

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ അധ്യാപക മേഖലയിലും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 2022 – 23 അക്കാദമിക വര്‍ഷത്തിന്റെ അവസാനത്തോടെ 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയതായി അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ – ശാസ്‍ത്ര ഗവേഷണ വകുപ്പ് മന്ത്രി ഡോ. ഹമദ് അല്‍ അദ്‍വാനിയുടെ നിര്‍ദേശപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വദേശിവത്കരണ നടപടികള്‍.

വിദ്യാഭ്യാസ മേഖലയില്‍ ഓരോ രംഗത്തും നടപ്പാക്കേണ്ട സ്വദേശിവ്തകരണ നിരക്ക് സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. സ്വദേശി അധ്യാപകര്‍ ആവശ്യത്തിനുള്ള സെക്ടറുകളില്‍ പ്രവാസികളെ ഒഴിവാക്കുന്ന തരത്തിലാണിത്. ഓരോ വിദ്യാഭ്യാസ സോണുകളിലും വിവിധ ഘട്ടങ്ങളിലും പ്രത്യേകം പ്രത്യേകം കണക്കുകള്‍ തയ്യാറാക്കി വിശദമായ പരിശോധ നടത്തിയാണ് പ്രവാസി അധ്യാപകരെ ഒഴിവാക്കുന്നത്. പ്രവാസികളെ ഒഴിവാക്കുന്ന അതേ അനുപാതത്തില്‍ യോഗ്യതയുള്ള സ്വദേശി അധ്യാപകരെ പകരം നിയമിക്കും.

നിലവില്‍ 25 ശതമാനത്തില്‍ താഴെ മാത്രം പ്രവാസികള്‍ ജോലി ചെയ്യുന്ന സ്‍പെഷ്യലൈസേഷനുകളില്‍ എല്ലാ പ്രവാസികളെയും പിരിച്ചുവിടാനാണ് തീരുമാനം. പകരം അത്രയും എണ്ണം സ്വദേശികളെ നിയമിക്കും. 25 ശതമാനത്തിലധികം പ്രവാസികള്‍ ജോലി ചെയ്യുന്ന സ്‍പെഷ്യലൈസേഷനുകളില്‍ ഘട്ടംഘട്ടമായി ആയിരിക്കും ഇവരെ ഒഴിവാക്കുക. ഇങ്ങനെ വര്‍ഷങ്ങളെടുത്ത് 100 ശതമാനം സ്വദേശിവത്കരണം കൈവരിക്കുമെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ ഓരോ മേഖലയിലും ജോലിക്ക് ലഭ്യമാവുന്ന സ്വദേശികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത് മുന്നോട്ട് പോവുക.

വകുപ്പ് മേധാവികള്‍ പോലുള്ള ഉന്നത തസ്‍തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മദ്ധ്യ വാര്‍ഷിക അവധിക്ക് ശേഷം രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ 200 പ്രവാസി അധ്യാപകരെ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിലവില്‍ ഉന്നത പദവികള്‍ വഹിക്കുന്നവരാണിവര്‍. പകരം സ്വദേശികളായ അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നല്‍കി അവരെ ഈ സ്ഥാനങ്ങളില്‍ നിയമിക്കാനാണ് തീരുമാനം.