മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ബിസിസിഐയ്ക്ക് അയച്ച കത്തിലാണു സച്ചിന്‍ ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണു ബിസിസിഐ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ലോകകപ്പ് നേടുന്ന ടീമില്‍ അംഗമാകണമെന്ന തന്‍റെ ചിരകാല അഭിലാഷം പൂവണിഞ്ഞു. ഈ സാഹചര്യത്തില്‍ വിരമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. 2015 ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കണം. എല്ലാ ടീമംഗങ്ങള്‍ക്കും താന്‍ ഭാവുകം നേരുന്നു. തനിക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
അടുത്തകാലത്തായി ക്രിക്കറ്റില്‍ സച്ചിന്‍റെ പ്രകടനം പ്രതീക്ഷിച്ച അത്രെയും ഉയര്‍ന്നില്ല . ഇതേത്തുടര്‍ന്നു നിരവധി വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരേ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണു വിരമിക്കല്‍ പ്രഖ്യാപനം. 23 വര്‍ഷത്തെ ഏകദിന കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.
1989 ഡിസംബര്‍ 18 നു പാക്കിസ്ഥാനെതിരേയാണു സച്ചിന്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2012 മാര്‍ച്ച് 18 നു ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരേയാണ് അവസാന ഏകദിനവും കളിച്ചത്.
463 മാച്ചുകളില്‍ നിന്നായി 18,426 റണ്‍സാണു സച്ചിന്‍റെ സമ്പാദ്യം. 49 സെഞ്ചുറികളും 96 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 2010 ല്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരേ ഗ്വാളിയോറില്‍ നേടിയ ഇരുനൂറു റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇതാണ്. 154 വിക്കറ്റുകള്‍ നേടിയിട്ടുള്ള സച്ചിന്‍ രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി.